എന്റെ ഇടുക്കി: തൊടുപുഴയിലെ വോളിബാൾ കാലം
text_fieldsഇടുക്കിയെ കുറിച്ച് റിട്ട. ഐ.ജി എസ്. ഗോപിനാഥ് സംസാരിക്കുന്നു. (ഇന്റർനാഷനൽ വോളിബാൾ താരം, ഏഷ്യൻ ഗെയിംസിൽ കളിച്ചിട്ടുണ്ട്. പൊലീസ് ടീം സ്പോർട്സ് ഓഫിസർ, 2015ലെ ദേശീയ ഗെയിംസിലെ അഡീഷനൽ ഡയറക്ടർ ജനറൽ)
വീടിെൻറ മതിലിൽ കയറിനിന്നാൽ വോളിബാൾ കോർട്ടിലെ വാശിയേറിയ പോരാട്ടം കാണാമായിരുന്നു. നാട്ടിൽ വിക്ടറി എന്ന ക്ലബുണ്ടായിരുന്നു. ഈ ക്ലബിലെ അംഗങ്ങളാണ് വീടിനടുത്തെ കോർട്ടിലെത്തുന്നത്. മുതിർന്നവർ, ജോലിചെയ്യുന്നവർ അധ്യപകർ ഒക്കെ ഇവിടെ കളിക്കാൻ എത്തും. നാട്ടിലെ പ്രധാന കളിയിനമായിരുന്നു അന്ന് വോളിബാൾ. അന്നങ്ങനെനിന്ന് കളികാണുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ഈ കളി തെൻറ ജീവിതഗതിയെ മാറ്റിമറിക്കുമെന്ന്. തൊടുപുഴ കാഞ്ഞിരമറ്റം ജങ്ഷനിലായിരുന്നു വീട്. പഠനം തൊടുപുഴ ബോയ്സ് ഹൈസ്കൂളിലും ന്യൂമാൻ കോളജിലുമായിരുന്നു. മൂത്ത രണ്ട് സഹോദരങ്ങൾ വികട്റി ക്ലബിൽ കളിക്കാൻ പോയിരുന്നു. വൈകാതെ ഞാനും ക്ലബിൽ കയറിക്കൂടി. സ്കൂളിൽ പഠിക്കുമ്പോൾ പലതവണ ക്ലബിനെ പ്രതിനിധീകരിച്ച് ജില്ലയിലും സമീപ ജില്ലകളിലുമൊക്കെ മത്സരത്തിനായി പോയി. ഗ്രാമങ്ങളിൽ പോലും വോളിബാൾ ടൂർണമെന്റ് അന്ന് സജീവമായിരുന്നു. കോളജിൽ പഠിക്കുമ്പോൾ കേരള യൂനിവേഴ്സിറ്റിക്കുവേണ്ടി കളിച്ച് അഖിലേന്ത്യ ചാമ്പ്യന്മാരായി. ആ സമയത്താണ് ഇടുക്കി ജില്ല രൂപവത്കരിക്കുന്നത്. ജില്ല നിലവിൽ വന്ന് അധികം വൈകാതെ ടീം രൂപവത്കരിച്ചു.
73ൽ ആദ്യമായി അന്തർജില്ല വോളിബാൾ ചാമ്പ്യൻഷിപ് തൊടുപുഴയിൽ കളിക്കുമ്പോൾ ഞാനുണ്ടായിരുന്നു ടീമിൽ. സ്റ്റേഡിയമില്ലാതിരുന്നതിനാൽ ഇപ്പോൾ മാർക്കറ്റിരുന്ന സ്ഥലത്ത് താൽക്കാലിക സ്റ്റേഡിയം ഉണ്ടാക്കി. മുളകൊണ്ടും കവുങ്ങുകൊണ്ടുമായിരുന്നു ഗാലറിയടക്കം നിർമിച്ചത്. കളികാണാൻ നാട് ഒഴുകിയെത്തി. ആ മത്സരത്തിൽ ചാമ്പ്യൻഷിപ്പും ജില്ല സ്വന്തമാക്കി. കാണികളുടെ കൈയടിയായിരുന്നു അന്നത്തെ കളി ജയിക്കാനുള്ള കാരണമെന്ന് ഇന്നും വിശ്വസിക്കുന്നു. ടീമിൻെൻറ നല്ല പ്രകടനം കണ്ടാൽ അവർ ഓടി ഗ്രൗണ്ടിലേക്കിറങ്ങി വരുമായിരുന്നു. ആ ചാമ്പ്യൻഷിപ്പിൽനിന്ന് സംസ്ഥാന ടീമിലേക്കും ദേശീയ മത്സരങ്ങളിലേക്കും എത്തി. ഇന്ത്യൻ ടീമിെൻറ ഭാഗമായി 74ൽ ഏഷ്യൻ ഗെയിംസിൽ കളിച്ചു. തുടർന്നാണ് പൊലീസിൽ എത്തുന്നത്. എസ്.പിയായും ഐ.ജിയായുമൊക്കെ ജോലിചെയ്തു. ജോലിയിലെ ഉയർച്ചക്ക് പിന്നിലും നാട്ടിലെ കളിക്കളങ്ങളും ജയപരാജയങ്ങളുമൊക്കെ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനും പ്രതിസന്ധികളെ നേരിടാനുമൊക്കെ കഴിഞ്ഞതും ഇവിടെനിന്നെല്ലാം ലഭിച്ച ഊർജം തന്നെയാണ്. തൊടുപുഴയിൽ കുടുംബ വീടുണ്ട്. ജില്ലയിലെ മറ്റിടങ്ങളും സുപരിചിതമാണ്. നാട്ടിലെ സൗഹൃദങ്ങൾ ഇപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.