ജില്ല പഞ്ചായത്ത് ബജറ്റ് 2025; 125 കോടിയുടെ പദ്ധതികൾ
text_fieldsജില്ല പഞ്ചായത്ത് 2025-26 ബജറ്റ് വൈസ് പ്രസിഡന്റ് ആശ ആന്റണി അവതരിപ്പിക്കുന്നു
ഇടുക്കി: ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് ജില്ല പഞ്ചായത്ത് അവതരിപ്പിച്ചു. 124,43,85,500 കോടി രൂപയുടെ വരവും 73,21,479 രൂപ പ്രാരംഭ ബാക്കിയും അടക്കും 125,17,06,979 രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. 124.47 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 69,42,479 നീക്കിയിരിപ്പ് വകയിരുത്തി.
ആരോഗ്യ രംഗത്ത് 3.45 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ല ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മരുന്നുകൾ വാങ്ങുന്നതിനും ഒരു കോടി രൂപ വീതം വകയിരുത്തി. പാലിയേറ്റീവ് പദ്ധതിക്ക് 40 ലക്ഷം, വയോജനങ്ങൾക്ക് ഔഷധ ദാനം ചെയ്യുന്ന വയോരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആയുർവേദ ആശുപത്രിക്ക് 50 ലക്ഷം, കാൻസർ സുരക്ഷ പദ്ധതിക്ക് അഞ്ച് ലക്ഷം, ജില്ല ആശുപത്രി കീമോ തെറപ്പി യൂനിറ്റിന് 10 ലക്ഷം, അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് മരുന്ന് നൽകുന്ന ആയുർതാളം പദ്ധതിക്ക് 10 ലക്ഷം, കാരുണ്യ സ്പർശം ഡയാലിസിസ് ധനസഹായത്തിന് 30 ലക്ഷം എന്നിങ്ങനെ 3.45 കോടി രൂപയുടെ എട്ട് പദ്ധതിയാണ് ആരോഗ്യ മേഖലക്കായി ബജറ്റിൽ അവതരിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിൽ 6.90 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആറ് കോടിയും സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് 1.50 കോടിയും എസ്.എസ്.കെ ഗ്രാന്റ് 50 ലക്ഷവും ലൈബ്രറി ഡിജിറ്റലൈസേഷന് 10 ലക്ഷവും വകയിരുത്തി. എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് സ്പെഷൽ ട്രെയിനിങ് പദ്ധതിയായ വിജ്ഞാന ദീപം പദ്ധതിക്ക് 10 ലക്ഷം രൂപയും വകയിരുത്തി.
സൈക്കോ-സോഷ്യൽ കൗൺസിലേഴ്സ് നിയമനത്തിന് 10 ലക്ഷം, സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകൾക്ക് റീഫ്രഷ്മെന്റ് 20 ലക്ഷം, അമൃതം പ്രഭാത ഭക്ഷണ പദ്ധതിക്ക് 20 ലക്ഷം, വിജയവീഥി പ്ലസ് ടു വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് പദ്ധതിക്കായി 5 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു.
കാർഷിക മേഖലയുടെ വികസനത്തിന് 4.14 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മണ്ണ് ജല സംരക്ഷണ പദ്ധതി, വിവിധ ജലസേചന പദ്ധതികൾ, ഫാമുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവക്കായി ഒരു കോടി വീതം മൂന്ന് കോടി രൂപ വകയിരുത്തി.
നെൽകർഷകർക്ക് സബ്സിഡി നൽകാൻ പൊൻകതിർ പദ്ധതിയിൽ 25 ലക്ഷം രൂപ, മത്സ്യ വിത്ത് നിക്ഷേപത്തിന് 5 ലക്ഷം രൂപ, അരീക്കുഴ ജില്ല കൃഷിതോട്ടം ഫാം ടൂറിസം, ഫാം ഫെസ്റ്റ്, ജൈവ കീടനാശിനി യൂണിറ്റ്, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റ് എന്നിവക്കായി 14 ലക്ഷം രൂപയും നീക്കിവച്ചു. അരീക്കുഴ ടിഷ്യു കൾച്ചർ ലാബിന് 20 ലക്ഷം, കാർഷിക വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് 50 ലക്ഷം രൂപയും വകയിരുത്തി.
വ്യവസായ പാർക്കുകൾ, പുൽത്തൈലം, ഏലം/കുരുമുളക് പ്രൊസസിങ് യൂനിറ്റുകൾക്ക് 25 ലക്ഷം രൂപയും ജില്ല വ്യവസായ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികൾക്ക് 11.90 കോടി രൂപ വകയിരുത്തി. വിവിധ കുടിവെള്ള പദ്ധതികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കുമായി 3.5 കോടി രൂപ വകയിരുത്തി. മാലിന്യ സംസ്കരണത്തിന് 1.50 കോടി, ബയോ പാർക്കിന് 2. 65 കോടി, സ്കൂളുകളിലെ മാലിന്യ സംസ്കരണ സംവിധാനത്തിന് 50 ലക്ഷം രൂപയും ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 10.22 കോടി രൂപ ബജറ്റിൽ വകയിരുത്തി.
വിനോദ സഞ്ചാര മേഖലയിൽ 35 ലക്ഷം ചെലവഴിക്കും. അടിസ്ഥാന പശ്ചാത്തല വികസനത്തിൽ 23 കോടിയും വകയിരുത്തി. റോഡ് പുനരുദ്ധാരണത്തിന് 18 കോടിയും റോഡ് നിർമാണത്തിന് മൂന്ന് കോടിയും ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക ക്ഷേമത്തിന് 25 ലക്ഷവും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 2.20 കോടി രൂപയും വകയിരുത്തി.
സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്ന ‘സഫലമീ യാത്ര’ പദ്ധതിക്ക് 1.40 കോടി രൂപ വകയിരുത്തി. വനിത ശിശു ക്ഷേമത്തിന് 1.45 കോടി രൂപയും വകയിരുത്തി. വയോജന ക്ഷേമത്തിന് 40 ലക്ഷം, കായിക യുവജന ക്ഷേമം 51 ലക്ഷം എന്നിങ്ങനെയാണ് വിവിധ ക്ഷേമ പദ്ധതികൾക്ക് പണം വകയിരുത്തിയിട്ടുള്ളത്. എസ്.സി/എസ്.ടി വികസനത്തിന് 11 കോടി 30ലക്ഷം രൂപയും വകയിരുത്തി.
മൃഗ സംരക്ഷണത്തിനും ക്ഷീര വികസനവും ലക്ഷ്യം വച്ച് 7.70 കോടി രൂപയുടെ പദ്ധതികളും ബജറ്റിൽ വകയിരുത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ ആമുഖ പ്രഭാഷണം നടത്തി.
ആവർത്തനം മാത്രം - പ്രതിപക്ഷം
ചെറുതോണി: ജില്ല പഞ്ചായത്ത് ബജറ്റ് മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമാണെന്നും പുതിയതായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയില്‍ 30 ശതമാനത്തില്‍ താഴെ മാത്രമേ ചെലവഴിച്ചിട്ടുള്ളുവെന്നും വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും, വന്യ മൃഗങ്ങളെ തടയാന്‍ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നുംപ്രതിപക്ഷം ആരോപിച്ചു.
പണം മനപൂർവം ചെലവഴിക്കാത്തതാണെന്നും ജില്ലക്ക് അനുവദിച്ച തുക ഇത്തവണയും നഷ്ടമായെന്നും അംഗങ്ങൾ പറഞ്ഞു. എ.ബി.സി പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 2.5 കോടി രൂപ അനുവദിച്ചെങ്കിലും കല്ലിട്ടതല്ലാതെ നിര്‍മാണം നടത്തിയില്ല. രണ്ടര കോടി ലാപ്സായതിനെത്തുടര്ന്ന് ഈ വര്‍ഷം മൂന്നരകോടി അനുവദിച്ചത് വിരോധാഭാസമാണെന്നും ബജറ്റ് ചര്‍ച്ചയില്‍ പുതിയ നിർദേശം വെക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.