ഇടുക്കി ജില്ല വികസന സമിതി യോഗം; ഏലം കർഷകർക്കുണ്ടായത് 10.93 കോടിയുടെ നാശം
text_fieldsഇടുക്കി: വേനൽക്കാലത്ത് കടുത്ത ചൂടിൽ ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ ഏലകൃഷി 70 ശതമാനത്തിലേറെ നശിച്ച സാഹചര്യത്തിൽ കർഷകർക്ക് ധനസഹായമായി കേന്ദ്ര വിഹിതം 78,53,208 രൂപ എ.ഐ.എം.എസ് പോർട്ടലിൽ അംഗീകരിച്ചിട്ടുണ്ടെന്നും താമസിയാതെ കർഷകരുടെ അക്കൗണ്ടിലേക്ക് തുക വിതരണം ചെയ്യുമെന്ന് പ്രൻസിപ്പൽ കൃഷി ഓഫിസർ ജില്ല വികസന സമിതി യോഗത്തിൽ കലക്ടറെ അറിയിച്ചു. 2024ലെ വേനൽ ചൂടിൽ പോർട്ടലിൽനിന്നുള്ള കണക്കനുസരിച്ച് 2024 ജനുവരി ഒന്നു മുതൽ ജൂലൈ 31വരെ 17944 ഏല കർഷകർക്ക് കൃഷിനാശമുണ്ടായതായും 4368.8613 ഹെക്ടറിലെ ഏലം നശിച്ചതായും 10.93 കോടിയുടെ നാശനഷ്ടമുണ്ടായതായും അവർ പറഞ്ഞു.
ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പോത്തൊട്ടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കൃഷിസ്ഥലം ഒലിച്ചുപോയ 65 കർഷകർക്കുള്ള നഷ്ട പരിഹാരത്തുക 8,97042 രൂപ പണം ലഭിക്കാത്തതിനാൽ നൽകിയിട്ടില്ലെന്നും കൃഷി ഓഫിസർ പറഞ്ഞു. മാങ്കുളം വട്ടവട പ്രദേശങ്ങിലെ റീസർവേ നടപടി വേഗത്തിലാക്കാൻ ദേവികുളം ഭൂരേഖാ തഹസിൽദാർക്ക് നിർദേശം നൽകിയതായി എ.ഡി.എം അറിയിച്ചു. അന്തർസംസ്ഥാന തൊഴിലാളികളുടെ ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് കാർഡ് ലഭ്യമാക്കുന്നതിനായി രക്ഷിതാക്കൾക്ക് ബോധവത്കരണം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രേഖകൾ ഇല്ലാത്ത 160 കുട്ടികളുടെ പട്ടിക അക്ഷയ ജില്ല പ്രോജക്ട് മാനേജർക്ക് നൽകിയതായും അവർ പറഞ്ഞു.
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പതാൽ-മുതിരപ്പുഴ-കാക്കാസിറ്റി പൊൻമുടി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ല പഞ്ചായത്ത് കണ്ടെത്തണമെന്ന് കലക്ടർ വി. വിഘ്നേശ്വരി നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഏഴ് കിലോമീറ്റർ റോഡിൽ 5.75 കി.മി ഭാഗത്താണ് അറ്റകുറ്റപ്പണി ബാക്കിയുള്ളത്. 1.25 കീ.മീറ്റർ ഭാഗത്ത് 20 ലക്ഷം രൂപയ്ക്ക് പ്രവൃത്തികൾ നടന്നു വരുന്നതായി ജില്ല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
527 പേർക്ക് വഴി സൗകര്യവും കുടിവെള്ള ലഭ്യതയും
2018ലെ പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരിൽ ലൈഫ് മിഷൻ പട്ടികയിൽപെട്ട 527 പേർക്ക് വഴി സൗകര്യവും കുടിവെള്ള ലഭ്യതയും ഉറപ്പ് വരുത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയതായി എ.ഡി.എം അറിയിച്ചു.
ഇവർക്ക് ഇതുവരെ ലഭിച്ച ധനസഹായം, എസ്.ഡി.ആർ.എഫ് മാനദണ്ഡപ്രകാരം തുടർസഹായത്തിന് അർഹരാണോ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാനും തഹസിൽദാർമാർക്ക് നിർദേശം നൽകി.
വനം വകുപ്പ് കോതമംഗലം ഡിവിഷന് കീഴിലെ നബാർഡ് പദ്ധതികൾ 2025 മാർച്ചിനകം പൂർത്തിയാക്കുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിച്ച് വരുന്നതായി കോതമംഗലം ഡി.എഫ്.ഒ അറിയിച്ചു.
ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് കളിസ്ഥലമൊരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് സമർപ്പിച്ചതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വികസന സമിതി യോഗത്തിൽ ജില്ല പ്ലാനിങ് ഓഫിസർ ദീപ ചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ അതുൽ എസ്.നാഥ് ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.