വേണം ജാഗ്രത: ഇടുക്കി ജില്ലയിൽ വൈദ്യുതി സുരക്ഷാ വാരത്തിന് ഇന്ന് തുടക്കം
text_fieldsതൊടുപുഴ: അപകടങ്ങൾക്കെതിരെ ബോധവത്കരണവുമായി വൈദ്യുതി സുരക്ഷാ വാരത്തിന് ഞായറാഴ്ച തുടക്കം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പും വൈദ്യുതി ബോർഡും സംയുക്തമായി ജൂലൈ രണ്ടുവരെയാണ് വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 'വൈദ്യുതി സുരക്ഷാ നടപടികൾ പാലിക്കുക, അപകടം ഒഴിവാക്കുക' എന്ന സന്ദേശം പരമാവധി ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. വിവിധ പരിപാടികൾ വാരാചരണത്തിന്റെ ഭാഗമായി നടത്തുമെന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ. രാജേഷ് ബാബു പറഞ്ഞു.
ആറുമാസത്തിനുള്ളിൽ ജില്ലയിൽ ഏഴു മരണമാണ് വൈദ്യുതി മൂലം റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടെണ്ണം ഇരുമ്പുതോട്ടിയുടെ അശ്രദ്ധമായ ഉപയോഗം മൂലം സംഭവിച്ചതാണ്. ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരം മുറിക്കുമ്പോഴും കുരുമുളക് പറിക്കുന്നതിനിടയിലും ഇരുമ്പ് ഏണി അശ്രദ്ധമായി ഉയർത്തുന്നതിനിടെ ലൈനുമായി സമ്പർക്കമുണ്ടായി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ടൈൽ വർക്ക്, വെൽഡിങ് ജോലികൾ, പെയിന്റിങ് ജോലികൾ എന്നിവക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിനായി ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ ബോർഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. വൈദ്യുതാഘാതങ്ങൾ തടുന്നതിനായി ഉപയോഗിക്കുന്ന ഇ.എൽ.സി.ബികൾ സ്ഥാപിക്കാത്തതും അവ പ്രവർത്തനക്ഷമമല്ലാത്തതും അവയെ ബൈപാസ് ചെയ്ത് നേരിട്ട് ഇത്തരം ജോലികൾ ചെയ്യുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുമ്പോൾ ഗ്ലൗസ്, ഷൂസ് തുടങ്ങിയവ ധരിക്കുകയും ഇതിനു പരിശീലനം ലഭിച്ചവർ മാത്രം ചെയ്യുകയും വേണം.
ജീവനക്കാർ മാർഗനിർദേശങ്ങൾ പാലിക്കണം
വൈദ്യുതി ജീവനക്കാർ സുരക്ഷാ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കാതെയും സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുകയും ചെയ്യുന്നതു മൂലം അപകടങ്ങൾ സംഭവിക്കുന്നു. കർശനമായും സുരക്ഷാ ക്രമീകരണം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജോലികൾ ചെയ്യാവൂ. വയറിങ് ജോലികൾ ചെയ്യുന്നവർ ലൈസൻസ് ഉള്ളവരാണെന്ന് ഉറപ്പുവരുത്തണം. പ്ലാസ്റ്റിക് വയറുകൾ ഉപയോഗിച്ച് താൽക്കാലിക വയറിങ് ചെയ്യുന്നത്, കൃത്യമായി റേറ്റിങ് ഉള്ള സർക്യൂട്ട് ബ്രേക്കറുകൾ ഉപയോഗിക്കാത്തത്, ഒരു പ്ലഗ് പോയന്റിൽനിന്ന് ഒന്നിലധികം കണക്ഷൻ എടുക്കുന്നത്, നിലവാരമില്ലാത്ത മൊബൈൽ ചാർജറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം എന്നിവ വൈദ്യുതി ഷോട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകാം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
•മെയിൻ സ്വിച്ച് പ്രവർത്തനക്ഷമമായി വെക്കുക. ശരിയായ രീതിയിൽ എർത്തിങ് ചെയ്യുക
• വയറിലും വൈദ്യുതി ഉപകരണങ്ങളിലും വൈദ്യുതി ചോർച്ച മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ മെയിൻ സ്വിച്ചിനോടനുബന്ധിച്ച് എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി) സ്ഥാപിപ്പിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
• വയറിങ് പ്രവൃത്തികൾക്ക് ഐ.എസ്.ഐ മുദ്രയോ തത്തുല്യ നിലവാരമോ ഉള്ള ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിക്കുക
• വയറിങ് അറ്റകുറ്റപ്പണി പ്രായോഗിക പരിജ്ഞാനമുള്ളവരെക്കൊണ്ടു മാത്രം ചെയ്യിക്കുക
• വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പുതോട്ടികളോ ഉപയോഗിക്കരുത്
• തീയണക്കുന്നതിന് വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ വെള്ളം ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡർ മുതലായവ ഉപയോഗിക്കുക
• വൈദ്യുതി ലൈനിൽ സ്പർശിക്കുന്ന തരത്തിൽ പരിധിയിൽ കവിഞ്ഞ ഉയരത്തിൽ സാധന സാമഗ്രി കയറ്റിയ വാഹനം കടന്നുപോകരുത്
• ലൈനുകൾക്ക് താഴെ കെട്ടിടങ്ങൾ, ഷെഡുകൾ മുതലായവ പണിയുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണം
• ഒരു പ്ലഗ് സോക്കറ്റിൽ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാവൂ
• നനഞ്ഞ പ്രതലത്തിൽനിന്ന് വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്
• വൈദ്യുതി ലൈനുകൾക്ക് താഴെ മരം നടരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.