എങ്ങും സ്കൂൾ ഒരുക്കം തകൃതി; ഇടുക്കി ജില്ലതല പ്രവേശനോത്സവം പണിക്കൻകുടി ഗവ. എച്ച്.എസ്.എസിൽ
text_fieldsതൊടുപുഴ: സ്കൂളുകൾ തുറക്കാൻ മൂന്നുനാൾ മാത്രം അവശേഷിക്കെ ഇതുമായി ബന്ധപ്പെട്ട ഒരുക്കം ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. ശുചീകരണം, സ്കൂൾ വാഹനങ്ങൾ സജ്ജീകരിക്കൽ, പ്രവേശനോത്സവ ഒരുക്കം എന്നിവയാണ് പുരോഗമിക്കുന്നത്. അധ്യാപകർക്കുള്ള ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും പൂർത്തിയായി.
പണിക്കൻകുടി ഗവ. എച്ച്.എസ്.എസിലാണ് ജില്ലതല പ്രവേശനോത്സവം. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.പ്രവേശനോത്സവം ഗംഭീരമാക്കാൻ തയാറെടുപ്പ് പുരോഗമിക്കുകയാണെന്ന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ആർ. ബിന്ദു പറഞ്ഞു. സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡി.ഇ.ഒ, എ.ഇ.ഒമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു വരുകയാണ്. യൂനിഫോം വിതരണവും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളുടെയും ക്ലാസ്മുറികൾ, ശുചിമുറി തുടങ്ങിയവയുടെയും അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണ്.
ക്ലാസ്മുറികളുടെ പെയിന്റിങ്, ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കൽ എന്നിവയും നടക്കുന്നു. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സമ്പൂർണ ശുചീകരണം നടക്കും.സ്കൂളും പരിസരവും ക്ലാസ്മുറികൾ, ശുചിമുറി, കുട്ടികൾ പെരുമാറുന്ന മറ്റ് സ്ഥലങ്ങൾ തുടങ്ങിയവ വൃത്തിയാക്കുകയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ ശുചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെകൂടി പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ. വിദ്യാഭ്യാസ ജില്ല, ഉപജില്ലതലങ്ങളിൽ യോഗങ്ങൾ ചേർന്നാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.