പി.ടിക്ക് ഇടുക്കിയുടെ പ്രണാമം
text_fieldsതൊടുപുഴ/ചെറുതോണി/നെടുങ്കണ്ടം: കേരള രാഷ്ട്രീയത്തിലെ നിലപാടിെൻറ മായാത്തമുഖം പി.ടി. തോമസിന് കണ്ണീരോടെ വിട നൽകി ഇടുക്കി. ജില്ലയിൽ വിലാപയാത്ര കടന്നുപോയ വഴികളിൽ പ്രിയനേതാവിന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് സങ്കടക്കടലായി ഉറക്കമിളച്ചും തണുപ്പിനെ അവഗണിച്ചും പുലരുവോളം കാത്തുനിന്നത്. ജന്മനാടായ ഉപ്പുേതാട്ടിലും പി.ടിയുടെ രാഷ്ട്രീയ കർമമണ്ഡലമായി മാറിയ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും ഭൗതികദേഹം വഹിച്ചുള്ള വാഹനം എത്തിയപ്പോൾ സുഹൃത്തുക്കളുടെയും പാർട്ടിപ്രവർത്തകരുടെയും കണ്ഠങ്ങളിൽനിന്ന് 'പി.ടി. തോമസ് നേതാവേ, ഇല്ല ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം ഉയർന്നു.
വെല്ലൂരിൽനിന്ന് പുറപ്പെട്ട വിലാപയാത്ര തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ 35ഓളം വാഹനങ്ങളുടെ അകമ്പടിയോടെ പുലർച്ച രേണ്ടാടെയാണ് അതിർത്തി പട്ടണമായ കമ്പംമെട്ടിൽ എത്തിയത്. ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് ഏറ്റുവാങ്ങി. ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കമ്പംമെട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് തുറന്ന ആംബുലന്സിലേക്ക്് മാറ്റിയശേഷം കുഴിത്തൊളു, പുളിയന്മല വഴി 3.20ന് കട്ടപ്പന കോൺഗ്രസ് ഒാഫിസ് പരിസരത്ത് എത്തുേമ്പാഴും വൻ ജനക്കൂട്ടമുണ്ടായിരുന്നു. പുലർച്ച 4.30നാണ് ജന്മനാടായ ഉപ്പുതോട്ടിലെ തറവാട്ട് വീട്ടിലെത്തിച്ചത്. ഭൗതികദേഹം കൊണ്ടുവരുന്നതറിഞ്ഞ് വീട്ടിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാരുടെ പ്രവാഹമായിരുന്നു. അർധരാത്രി കഴിഞ്ഞപ്പോൾ വീടും പരിസരവും ജനനിബിഡമായി. കനത്ത മഞ്ഞും തണുപ്പും വകവെക്കാതെയാണ് റോഡിനിരുവശവും ആളുകൾ കാത്തുനിന്നത്. വാഹനത്തിൽനിന്ന് മൃതദേഹം ഇറക്കാൻ നന്നേ പാടുപെട്ടു. പി.ടി ബാല്യകൗമാരങ്ങൾ ചെലവഴിച്ച തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് െവച്ചപ്പോൾ കൂട്ടക്കരച്ചിലുയർന്നു. ഒപ്പം അദ്ദേഹത്തിെൻറ അന്ത്യാഭിലാഷ ഗാനമായ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' അന്തരീക്ഷത്തിൽ അലയടിച്ചു. ഇടുക്കി രൂപത ബിഷപ് ജോൺ നെല്ലിക്കുന്നേൽ, സി.എസ്.ഐ ബിഷപ് വി.എസ്. ഫ്രാൻസിസ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന്, 5.15ന് ചെറുതോണിയിലെ ഡി.സി.സി ഓഫിസിലേക്ക്. ഇവിടെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
നിശ്ചയിച്ചതിലും നാലര മണിക്കൂറോളം വൈകി രാവിലെ 8.15ന് വിലാപയാത്ര തൊടുപുഴ രാജീവ് ഭവന് മുന്നിലെത്തുേമ്പാൾ വൻ ജനക്കൂട്ടം കാത്തുനിന്നിരുന്നു.
പി.ടിയുടെ നിയമസഭ പോരാട്ടങ്ങൾക്കും മൂർച്ചയേറിയ നിരവധി പ്രസംഗങ്ങൾക്കും സമരങ്ങൾക്കും വേദിയായ തൊടുപുഴയിലെ പ്രവർത്തകരും സുഹൃത്തുക്കളും അങ്ങേയറ്റം വികാരനിർഭരമായാണ് തങ്ങളുടെ നേതാവിന് വിട ചൊല്ലിയത്. ഭൗതികദേഹം കണ്ട് പ്രവർത്തകരിൽ ചിലർ പൊട്ടിക്കരഞ്ഞു. തുടർന്ന് ഇവിടെനിന്ന് എട്ടരയോടെ എറണാകുളത്തേക്ക് തിരിച്ചു. ഇടുക്കിയിൽനിന്ന് നിരവധി നേതാക്കളും പ്രവർത്തകരും അനുഗമിച്ചു.
നിര്യാണത്തിൽ അനുശോചനം
തൊടുപുഴ: പി.ടി. തോമസിെൻറ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി അനുശോചിച്ചു. ഇടുക്കിയിലെ ജനപ്രതിനിധി എന്ന നിലയിൽ മാധ്യമപ്രവർത്തകരുമായും പ്രസ് ക്ലബുമായും ഏറെ സഹകരിച്ച നേതാവാണ് പി.ടി. മാധ്യമ പ്രവർത്തകരുടെ അവകാശപോരാട്ടങ്ങളിൽ എന്നും ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബിെൻറ ക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും പി.ടി. തോമസ് മുന്നിലുണ്ടായിരുന്നു എന്ന് ഭാരവാഹികൾ അനുസ്മരിച്ചു.
പി.ടി. തോമസിെൻറ നിര്യാണത്തിൽ തൊടുപുഴ നഗരസഭ അനുശോചിച്ചു. നഗരത്തിെൻറയും മണ്ഡലത്തിെൻറയും വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. അദ്ദേഹത്തിെൻറ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ കേരളത്തിന് കനത്ത ആഘാതമാണെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.