ഇടുക്കി മിനി ഫുഡ് പാര്‍ക്ക്; മന്ത്രി റോഷി അഗസ്റ്റിന് സ്ഥലം സന്ദര്‍ശിച്ചു
text_fieldsഇടുക്കി: ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കാൻ തെരഞ്ഞെടുത്ത ഭൂമി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
ഇടുക്കി ചെറുതോണി ടൗണ്‍ഷിപ്പിന്റെ ഭാഗമായ ആലിന്‍ചുവടിലാണ് മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണത്തില് ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട യൂനിറ്റുകളെ പ്രോത്സാഹിപ്പിക്കാനാണ് ഫുഡ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. 2022-23ലെ ബജറ്റിലാണ് 10 മിനി ഫുഡ് പാര്‍ക്കുകള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഒരെണ്ണം ഇടുക്കിക്ക് അനുവദിച്ചത്. സംസ്ഥാന ബജറ്റില്‍ ഇതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ചെറുകിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഫുഡ് പാര്ക്കിന് 10 ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഈ ഭൂമി കിന്‍ഫ്ര വികസിപ്പിച്ചെടുത്ത് ചെറു യൂനിറ്റുകള്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കും. റോഡുകള്‍, ജലം, വൈദ്യുതി, ഡ്രെയിനേജ് സൗകര്യം എന്നിവ നല്‍കും. കൂടാതെ, ജലശുദ്ധീകരണ പ്ലാന്റ്, സംഭരണശാല തുടങ്ങിയ പൊതുസൗകര്യങ്ങളും ഉണ്ടായിരിക്കും. നടത്തിപ്പിനും അഡ്മിനിസ്ട്രേറ്റിവ് ബാക്കപ്പിനും പാര്‍ക്ക് ഓഫിസുമുണ്ടാകും.
500 പേര്‍ക്ക് നേരിട്ട് തൊഴിലവസരം
മിനി ഫുഡ് പാര്ക്കിന് 30 സെന്റ് പ്ലോട്ടുള്ള ഏകദേശം 25 യൂനിറ്റുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പാര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ 500ഓളം പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. കൃഷിക്കും സുഗന്ധവ്യഞ്ജന ഉൽപാദനത്തിനും കൂടുതല്‍ മൂല്യവും ഉയര്‍ന്ന ഡിമാന്‍ഡും ലഭിക്കും. ഹോര്‍ട്ടികൾചറല്‍ നിർമാതാക്കളിൽ കാര്‍ഷിക മൂല്യവർധന പ്രോത്സാഹിപ്പിക്കുക, വിളകള്‍ പാഴാക്കുന്നത് കുറക്കുക, കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍. ഇതിലൂടെ സന്തുലിതമായ പ്രാദേശിക വികസനം സാധ്യമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സർവേ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി വികസിപ്പിക്കാൻ ഉടന്‍ കിന്‍ഫ്രക്ക് കൈമാറും. പ്രദേശത്ത് ഇറിഗേഷന്‍ മ്യൂസിയം, സാംസ്കാരിക മ്യൂസിയം, തിയറ്റര്‍ കോംപ്ലക്സ് എന്നിവയും സ്ഥാപിക്കുമെന്നും ഇതിന്റെ ആദ്യഘട്ടമായി മിനി ഫുഡ് പാര്‍ക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, റവന്യൂ, സർവേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.