വിലയ്ക്കെടുത്തോ വിധികർത്താക്കളെ?
text_fieldsതൊടുപുഴ: ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിനിടെ വിധികർത്താക്കളെ വിലയ്ക്കെടുക്കാൻ നീക്കം നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി. ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കഞ്ഞിക്കുഴി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയത്. ഒരു നൃത്താധ്യാപകൻ ചില വിധികർത്താക്കളുമായി നടത്തിയതെന്ന തരത്തിലുള്ള ഫോൺവിളിയുടെ ശബ്ദരേഖ പ്രചരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിവാദ നൃത്താധ്യാപകൻ തീരുമാനിക്കുന്നവരെയാണ് വിധികർത്താക്കൾ വിജയികളായി തെരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവന്ന ശബ്ദ സന്ദേശം വ്യക്തമാക്കുന്നത്.
ശബ്ദരേഖ പുറത്തുവന്നതോടെ കലോത്സവത്തിൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവ മാറ്റിവെച്ചിരുന്നു. ശബ്ദരേഖയും നൃത്താധ്യാപകൻ വിധികർത്താക്കൾക്ക് അയച്ച് നൽകിയ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുമായി മറ്റ് നൃത്താധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധിച്ചതോടെ നൃത്ത ഇനങ്ങൾ നിർത്തിവെക്കുകയായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കുന്ന വിധികർത്താക്കളെയെല്ലാം ഉൾപ്പെടുത്തി നൃത്താധ്യാപകൻ തയാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സന്ദേശം ചോർന്നതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
നൃത്താധ്യാപകനൊപ്പം നിൽക്കുന്ന വിധികർത്താക്കൾക്ക് മത്സരത്തിന് മുമ്പ് തന്നെ നിർദേശങ്ങൾ നൽകുന്നതായാണ് ആരോപണം. താൻ പറയുന്നയാൾക്ക് ഒന്നാം സ്ഥാനം നൽകുന്നതിന് പേടിയുണ്ടോയെന്ന് ഒരു വിധികർത്താവിനോട് നൃത്താധ്യാപകൻ തിരക്കുന്നത് ശബ്ദരേഖയിലുണ്ട്. മോഹിനിയാട്ടം അറിയാത്ത വിധികർത്താവിനോട് ബയോഡേറ്റ തിരുത്തി നൽകി വിധിനിർണയത്തിൽ പങ്കെടുക്കാനും ഇയാൾ നിർബന്ധിക്കുന്നുണ്ട്. തന്റെ പേര് ഒരു കാരണവശാലും പുറത്തുപറയരുതെന്നും അധ്യാപകൻ നിർദേശം നൽകുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കഞ്ഞിക്കുഴി സി.ഐയെ ചുമതലപ്പെടുത്തിയതായും കൂടുതൽ വിവരങ്ങൾ ഇടുക്കി വിദ്യാഭ്യാസ ഡയറക്ടറോട് തേടിയിട്ടുണ്ടെന്നും ഇടുക്കി ഡി.വൈ.എസ്.പി ജിൽസൺ മാത്യു പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കലോത്സവ വേദിക്ക് മുന്നിൽ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.