ഇടുക്കിയെ വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം
text_fieldsഇടുക്കി: കടുത്ത വേനലിൽ കേരളത്തിൽ 257 കോടിയുടെ കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും ഇതില്‍ 175 കോടിയും ഇടുക്കിയിലെ കാർഷിക മേഖലയിൽ മാത്രം ഉണ്ടായ നഷ്ടമാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. ശക്തമായ വരൾച്ചയിൽ കൃഷി നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചതാണിത്.
വരൾച്ചയെ തുടർന്ന് വ്യാപകമായി ഏലകൃഷി നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് കർഷരും കർഷക സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശദമായ പരിശോധന നടക്കുമ്പോള്‍ നാശത്തിന്റെ തോത് വര്‍ധിക്കും. ഇടുക്കിയിൽ 16,220 ഹെക്ടര്‍ സ്ഥലത്തെ ഏലംകൃഷി നശിച്ചു. അവശേഷിക്കുന്ന കൃഷിയുടെ 20 ശതമാനത്തില്‍ നിന്നുപോലും കർഷകർക്ക് വിളവ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധർ നൽകിയ റിപ്പോര്‍ട്ടിലുള്ളത്.
ഇതിനാൽ ഇടുക്കി ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഏലം മേഖലയില്‍ മാത്രം 100 കോടിയിലേറെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇടുക്കി ഉള്‍പ്പെടെ ജില്ലയിലെ വരള്‍ച്ച സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും.
കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ ബോര്‍ഡുകളുടെയും സഹായം കര്‍ഷകര്‍ക്ക് അടിയന്തരമായി ലഭ്യമാക്കണം. ഇതിനായി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെങ്കില്‍ അത് ചെയ്യണം. ഇടുക്കിയിലെ സാഹചര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സന്ദര്‍ശനം നടത്താന്‍ കേന്ദ്ര സംഘത്തോട് ആവശ്യപ്പെടും. വരള്‍ച്ചയെത്തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നാശനഷ്ടമുണ്ടായത് സര്‍ക്കാര്‍ ഗൗരവമായി നോക്കിക്കാണുകയാണ്. നാശനഷ്ടം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ കൃഷിക്കാരുമായും കര്‍ഷക സംഘടന പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ഇടുക്കിയെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നാണ് പൊതുഅഭിപ്രായം.
സംസ്ഥാന സര്‍ക്കാര്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സഹായം ഉറപ്പാക്കും. കര്‍ഷകരുടെ പ്രതിസന്ധി ഘട്ടത്തില്‍ ആവശ്യമായ സഹായം ഉറപ്പാക്കാന്‍ സ്പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കോഫി ബോര്‍ഡ് എന്നിവ ഇടപെടണം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ഇളവുകള്‍ നല്കുന്ന കാര്യം കടാശ്വാസ കമീഷന്റെ സഹകരണത്തോടെ പരിഗണിക്കും. ദേശസാത്കൃത ബാങ്കുകളിലെ വായ്പ സംബന്ധിച്ച് ഇടപെടല്‍ നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. മൊറട്ടോറിയമല്ല, പലിശയില്‍ ഇളവാണ് കര്‍ഷകര്‍ക്ക് ആവശ്യം. നബാര്‍ഡിന്റെ സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്, എം.എൽ.എമാരായ എം.എം മണി, അഡ്വ. എ. രാജ, വാഴൂര്‍ സോമന്, കെ.കെ. ശിവരാമന്, സി.വി. വര്‍ഗീസ്, കെ. സലിംകുമാര്‍, ജോസ് പാലത്തിനാല്‍, കെ.എസ് മോഹനന്, മാത്യു വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ കുമളി വെള്ളാരംകുന്ന്, വള്ളക്കടവ്, സുവർണ ഗിരി, കാഞ്ചിയാർ തുടങ്ങിയ സ്ഥലങ്ങളിൽ മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.