പ്രകൃതിക്ഷോഭം: കഴിഞ്ഞ വര്‍ഷം ഇടുക്കിയിൽ 7.80 കോടിയുടെ കൃഷിനാശം
text_fieldsതൊടുപുഴ: പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിൽ വലഞ്ഞ് കർഷകർ. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഉണ്ടായത് 7.80 കോടി രൂപയുടെ കൃഷിനാശം. 4273 കര്‍ഷകരുടെ 827 ഹെക്ടറിലെ കൃഷിയാണ് ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നശിച്ചത്.
ഓരോ വര്‍ഷവും കൃഷിനാശത്തിന്റെ പേരില്‍ നഷ്ടം സംഭവിക്കുമ്പോഴും നഷ്ടപരിഹാരം ലഭിക്കാന്‍ വരുന്ന കാലതാമസം കർഷകരെ ദുരിതത്തിലാക്കുന്നു. 2021 മേയ് വരെയുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാരമാണ് ഇതുവരെ നല്‍കിയത്. നഷ്ടപരിഹാരം വൈകുന്നത് വീണ്ടും കൃഷിയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ വർഷം കൂടുതല്‍ വിളനാശം കട്ടപ്പന ബ്ലോക്കിലാണ് . 945 കര്‍ഷകര്‍ക്കായി 1.70 കോടിയുടെ നഷ്ടമാണുണ്ടായത്. 575 ഹെക്ടറിൽ കൃഷിനാശമുണ്ടായി. പീരുമേട് ബ്ലോക്കില്‍ 1.65 കോടിയുടെ നാശമുണ്ടായി. 438 ഹെക്ടറിലെ കൃഷി നശിച്ചു.
930 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. ദേവികുളം ബ്ലോക്കില്‍ 325 കര്‍ഷകര്‍ക്കായി 1.10 കോടി, ഇളംദേശത്ത് 374 പേർക്കായി 51 ലക്ഷം, ഇടുക്കിയില്‍ 614 കര്‍ഷകരുടേതായി 97 ലക്ഷം, നെടുങ്കണ്ടത്ത് 234 പേർക്കായി 48 ലക്ഷം, തൊടുപുഴയില്‍ 653 പേർക്കായി 79 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ നാശത്തിന്റെ കണക്ക്.
നാശം കൂടുതലും വാഴകൃഷിക്ക്
കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വാഴകൃഷിക്കാണ് കനത്ത നാശം സംഭവിച്ചത്. കുലച്ച 54,729 വാഴകളാണ് പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നത്. 1121 കര്‍ഷകര്‍ക്ക് 3.28 കോടിയുടെ നഷ്ടമുണ്ടായി. കുലയ്ക്കാത്ത വാഴകള്‍ 22,894 എണ്ണവും നശിച്ചു. 91 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കായ്ഫലമുള്ള കുരുമുളക് ചെടികള്‍ 19,071 എണ്ണമാണ് നശിച്ചത്. 464 കര്‍ഷകര്‍ക്കായി 1.43 കോടിയുടെ നഷ്ടമുണ്ടായി. 65 കര്‍ഷകരുടെ കായ്ക്കാത്ത കുരുമുളക് ചെടികള്‍ 1530 എണ്ണവും നശിച്ചു. 101 ഹെക്ടറിലെ ഏലവും നശിച്ചിരുന്നു. 713 കര്‍ഷകര്‍ക്കാണ് 70 ലക്ഷത്തിന്റെ നഷ്ടം നേരിട്ടത്. 118 കര്‍ഷകരുടെ ടാപ്പു ചെയ്യുന്ന 1199 റബര്‍ മരങ്ങള്‍ കടപുഴകി. 23.98 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 70 കര്‍ഷകരുടെ ടാപ്പ് ചെയ്യാത്ത 1625 എണ്ണവും നശിച്ചു.
കാപ്പി -2222 എണ്ണം, 8.89 ലക്ഷം, ജാതി കായ്ച്ചത് -492, 17.22 ലക്ഷം, കായ്ക്കാത്തത് - 47, 1.65 ലക്ഷം, കായ്ഫലമുള്ള തെങ്ങ് -94, 4.70 ലക്ഷം, കായ്ക്കാത്തത് - 28, 84000, കശുമാവ് -1273 ,12.73 ലക്ഷം, കമുക് കായ്ച്ചത് - 1728, 5.18 ലക്ഷം, കായ്ക്കാത്തത് 319- 80,000, കൊക്കോ - 1015, 3.55 ലക്ഷം, മരച്ചീനി - 21.17 ഹെക്ടര്‍ , 2.75 ലക്ഷം, പച്ചക്കറി 6.18 ഹെക്ടര്‍ , 2.78 ലക്ഷം, കരിമ്പ് 10 ഹെക്ടര്‍ , 6.36 ലക്ഷം എന്നിങ്ങനെയാണ് നശിച്ച മറ്റു വിളകളുടെ വിവരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.