എന്റെ ഇടുക്കി: കുടിയേറിയവരുടെ സ്വപ്നഭൂമി
text_fieldsകുടിയേറ്റത്തിന്റെ ഭൂമികയാണ് ഇടുക്കി. കാർഷിക കുടിയേറ്റം മാത്രമല്ല, തമിഴ് തോട്ടം തൊഴിലാളികളുടെ കുടിയേറ്റവും ഗോത്രജനതയുടെ കുടിയേറ്റവുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ജീവനുവേണ്ടി പലായനം ചെയ്ത ഗോത്രജനതയുടെ കുടിയേറ്റത്തെ ഇനിയും വേണ്ടവിധം പരിഗണിച്ചിട്ടില്ല.
കാർഷിക കുടിയേറ്റത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പ്തന്നെ കുടിയേറിയ ഗോത്രജനത തങ്ങളുടെ ഭാഷയും സംസ്കാരവും കലയും സാഹിത്യവുമെല്ലാം സജീവമായി നിലനിർത്തിയ ഒരുവിഭാഗമാണ്. ഗോത്രജനതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അതിജീവന സംസ്കാരത്തിന്റെ ശേഷിപ്പുകളും അവരുടെ കലയും പ്രകൃതിയോടിണങ്ങിയ ജീവിതവുമെല്ലാം ഇടുക്കിയെ രൂപപ്പെടുത്തിയതിൽ പ്രധാനമാണ്. എന്നാൽ, പിന്നീട് വന്ന കുടിയേറ്റങ്ങളിൽ ഇവർ അരിക്വത്കരിക്കപ്പെട്ടു.
ജനിച്ച നാടുമില്ല, വന്നുകയറിയ നാടുമില്ല എന്ന അവസ്ഥയാണ് ഇടുക്കിയിലേക്ക് കുടിയേറിയ തമിഴ് തോട്ടം തൊഴിലാളികളുടേത്. ഇപ്പോഴും വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു ജീവിതാണ് ഇവരുടേത്. ഇതിനൊപ്പം തോട്ടം വ്യവസായികളും ബ്രിട്ടീഷുകാരും ചേർന്ന് നിർമിച്ച വ്യവസായത്തിന്റെ സംസ്കാരവുമുണ്ട്. ഇങ്ങനെ നല്ല ജീവിതം സ്വപ്നംകണ്ട് കയറിയ ഒരുപാട് ആളുകളുടെ കുടിയേറ്റത്തിന്റെ ഭൂമികയാണ് ഇടുക്കി.
ഇവരുടെയെല്ലാം സംസ്കാരം കൂടിച്ചേർന്ന ഇടമാണ് ഇടുക്കി. പ്രതികൂല കാലാവസ്ഥയും രോഗങ്ങളും മൂലം കൺമുന്നിൽ കുഞ്ഞുങ്ങൾ മരിക്കുന്നത് കാണേണ്ടിവന്ന മാതാപിതാക്കൾ, കുടിയിറക്കപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവർ, ഇതിനെതിരായ വലിയ കാർഷികപോരാട്ടം, ഇതെല്ലാം കൂടിച്ചേർന്ന കാർഷിക ചെറുത്തുനിൽപ്പിന്റെയും സ്വന്തം ജന്മദേശത്തിന്റെ വേരറ്റുപോയ ഒരുപാട് ജീവിതങ്ങളുടെയും കൂടി ഭൂമിയാണ് ഇവിടം എന്ന് പറയാം.
ഇവിടുത്തെ പ്രകൃതിയും കാലാവസ്ഥയും ജൈവവൈവിധ്യവുമെല്ലാം എന്നെ എഴുത്തുകാരനെന്ന നിലയിൽ ഇടുക്കിയോട് ചേർത്തുനിർത്തുന്ന ഘടകങ്ങളാണ്. ഇത്രയധികം പ്രതിസന്ധികൾ നേരിട്ട, പ്രതിരോധം തീർത്ത, നഷ്ടങ്ങൾ സഹിച്ച ഒരു ജനതയുടെ ജീവിതമെഴുതാനുള്ള കെൽപ് എന്റെ സർഗാത്മകതക്കുണ്ടോ എന്ന് സംശയമാണ്. കാഞ്ചിയാറാണ് എന്റെ സ്വദേശം.
അഞ്ചുരുളിയും മറയൂരുമാണ് ഇടുക്കിയിൽ എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങൾ. മണ്ണും മനുഷ്യനും ഒന്നുപോലെ പ്രധാനപ്പെട്ടതാണ്. പ്രകൃതിയെ മറന്നുള്ള വികസനത്തിനും മനുഷ്യനെ മറന്നുള്ള പ്രകൃതി സ്നേഹത്തിനുമപ്പുറം രണ്ടും സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്ന വികസനമാണ് ഇടുക്കിക്ക് വേണ്ടത്.
('ജക്കരന്ത' എന്ന നോവിലിലൂടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021ലെ യുവപുരസ്കാർ അവാർഡ് ജേതാവാണ് മോബിൻ മോഹനൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.