ഇടുക്കി യു.ഡി.എഫ് കോട്ട; പുറംനാട്ടുകാരുടെ തട്ടകം
text_fieldsമണ്ഡലം രൂപീകൃതമായ കാലംമുതൽ ഇതുവരെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒന്നൊഴികെ ഒമ്പതു വട്ടവും ഇടുക്കി യു.ഡി.എഫിനൊപ്പമായിരുന്നു. സുഗന്ധറാണിയുടെയും കറുത്ത പൊന്നിെൻറയും സുഗന്ധം പേറുന്ന മണ്ണിൽ പത്തിൽ എട്ടു തവണയും എം.എൽ.എയായത് ജില്ലക്ക് പുറത്തുനിന്നുള്ളവർ. 1977ൽ വി.ടി. സെബാസ്റ്റ്യനും 1996ൽ സുലൈമാൻ റാവുത്തറുമാണ് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ.
കുടിയേറ്റ സമരപോരാട്ടങ്ങളുെട ചരിത്രമുറങ്ങുന്ന ഇടുക്കി മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാന ചർച്ച വിഷയം പട്ടയമായിരുന്നു. മലയോര കർഷകരുടെ എക്കാലത്തെയും ആവശ്യങ്ങളിൽ ഉപാധിരഹിത പട്ടയം കടന്നുകൂടിയതാണ് കാരണം. ഇടുക്കി മണ്ഡലത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടതോടെ കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ വലിയ ചലനമുണ്ടാക്കിയ മണ്ഡലവും ഇടുക്കിയാണ്.
1977ൽ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസിലെ വി.ടി. സെബാസ്റ്റ്യനാണ് വിജയിച്ചത്. 1980ലും 1982 ലും കോൺഗ്രസിലെ ജോസ് കുറ്റിയാനി മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1987ൽ കോൺഗ്രസിലെ റോസമ്മ ചാക്കോയാണ് എം.എൽ.എയായത്. തീപാറിയ ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി പി.പി. സുലൈമാൻ റാവുത്തറും ഇടതു സ്ഥാനാർഥിയായി മേരി സിറിയക്കുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. റോസമ്മ ചാക്കോക്ക് 1200 വോട്ടായിരുന്നു ഭൂരിപക്ഷം.
1991ൽ ജോസഫ് ഗ്രൂപ്പിലെ ജോണി പൂമറ്റത്തെ തോൽപിച്ചാണ് മാത്യു സ്റ്റീഫൻ (മാണി ഗ്രൂപ്) എം.എൽ.എ ആയത്. അട്ടിമറി നടന്ന തെരഞ്ഞെടുപ്പായിരുന്നു 1996ലേത്. സുലൈമാൻ റാവുത്തർ (ജനതാദൾ) എൽ.ഡി.എഫ് ബാനറിൽ മത്സരിച്ച് വിജയിച്ചു നിയമസഭയിൽ എത്തി. കേരള കോൺഗ്രസിലെ ജോയി വെട്ടിക്കുഴിയെ 5000ത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ റാവുത്തർ തോൽപിച്ചപ്പോൾ ആദ്യമായി യു.ഡി.എഫിന് മണ്ഡലം നഷ്ടമായി.
2001ൽ ത്രികോണമത്സരമാണ് അരങ്ങേറിയത്. റോഷി അഗസ്റ്റിൻ, പി.പി. സുലൈമാൻ റാവുത്തർ, എം.എസ്. ജോസഫ് എന്നിവർ. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായ റാവുത്തർ ഇക്കുറി മൂന്നാം സ്ഥാനത്തായി. 16000 ത്തോളം വോട്ടിനായിരുന്നു റോഷിയുടെ വിജയം. തുടർന്ന് കോൺഗ്രസിൽ തിരിച്ചെത്തിയ റാവുത്തർ നിലവിൽ പാർട്ടി നിർവാഹക സമിതി അംഗമാണ്. 2006ൽ റോഷി രണ്ടാം വട്ടം ഇടുക്കിയിൽ മാറ്റുരച്ചപ്പോൾ സി.പി.എമ്മിലെ സി.വി. വർഗീസായിരുന്നു എതിരാളി. റോഷിക്ക് ഭൂരിപക്ഷം 13,000 വോട്ട്.
2011 ൽ വീണ്ടും സി.വി. വർഗീസുമായി ഏറ്റുമുട്ടിയ റോഷിക്ക് വീണ്ടും ജയം. 2016ൽ നാലാം വട്ടവും റോഷി തന്നെ വിജയിച്ചു. ജനാധിപത്യ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജിനെയാണ് തോൽപിച്ചത്.
ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന അറക്കുളം, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കുടയത്തൂർ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ കാമാക്ഷി, കാഞ്ചിയാർ, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളും കട്ടപ്പന മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് ഇടുക്കി നിയമസഭ മണ്ഡലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.