അതെന്താ, വട്ടവടക്കാർക്ക് റോഡ് വേണ്ടേ...?
text_fieldsവട്ടവട: റോഡിന്റെ കാര്യം പറയുമ്പോൾ വട്ടവടക്കാർ പതിവായി കേട്ടുപോരുന്ന വാചകമാണ് ‘ഇപ്പോ ശരിയാക്കിത്തരാം..’ എന്നത്. അതങ്ങനെ കേട്ട് കേട്ട് കടന്നുപോയത് 15 വർഷമാണ്. ഇപ്പോഴും വട്ടവടക്കാർ നടന്നുതേഞ്ഞ് കുണ്ടും കുഴിയും കടന്ന് റോഡിന്റെ അവശേഷിപ്പുകൾ മാത്രമായ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട വട്ടവടയിലെ കോവിലൂർ മുതൽ ചിലന്തിയാർ വഴി പഴത്തോട്ടം വരെ നീളുന്ന 12 കിലോ മീറ്റർ റോഡ് 10 വർഷം മുമ്പ് പണിതതാണ്. അതിനു ശേഷം ഇന്നുവരെ അറ്റകുറ്റപ്പണിയോ റീ ടാറിങ്ങോ നടത്തിയിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ് പേരിനു മാത്രം റോഡുള്ള ഈ വഴിയാണ് പച്ചക്കറി കയറ്റിയ വണ്ടികൾ പോകുന്നത്. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. സ്കൂൾ ബസും ആംബുലൻസുമൊക്കെ കടന്നുപോകുന്നത്. സാമിയാർ അളകം, പറശ്ശിക്കടവ് കുടി, കൂടലാർ കുടി, വലസപ്പട്ടിക്കുടി, മൂളാപ്പ വട്ടവടയിലെ ആദിവാസി കോളനികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമുള്ള വഴിയും ഇതുതന്നെ.
ഓരോ മഴയിലും റോഡ് ഒലിച്ചുപോയി ഇപ്പോൾ റോഡ് തന്നെ ഇല്ലാതായെന്ന് പ്രദേശവാസികൾ പറയുന്നു. അത് കണ്ടാൽ തന്നെ മനസ്സിലാകും. കോവിലൂർ ജംഗ്ഷനിൽ നിന്ന് താഴേക്കുള്ള ഇറക്കത്തിൽ പലയിടത്തും റോഡ് അപ്രത്യക്ഷമായിട്ടുണ്ട്. ഓരോ മഴക്കാലത്തും റോഡുകൾ താഴേക്ക് കുത്തിയൊലിച്ചുപോകും. ഇപ്പോൾ പലയിടത്തും റോഡിന്റെ പാടു മാത്രം.
റോഡ് അറ്റകുറ്റപ്പണിക്കായി അഞ്ചു കോടി അനുവദിച്ചെന്ന് കേൾക്കുന്നതായി നാട്ടുകാർ പറയുന്നു. പത്രങ്ങളിൽ വന്ന വാർത്തയിലൂടെയും റോഡിന് ഫണ്ട് അനുവദിച്ച പൊതുമരാമത്ത് മന്ത്രിക്കും എം.എൽ.എക്കും അഭിനന്ദനം അർപ്പിച്ച് സി.പി.എമ്മുകാർ നാട്ടിയ ഫ്ലക്സിൽ നിന്നുമാണത്രെ നാട്ടുകാർ വിവരം അറിഞ്ഞത്. അത് കഴിഞ്ഞിട്ട് എട്ടു മാസമായി. പക്ഷേ, റോഡിന്റെ കാര്യത്തിൽ മാത്രം ഒരു അനക്കവുമില്ല.
അരിക്കൊമ്പനെ പിടികൂടി നാടുകടത്തിയപ്പോൾ മൂന്നാർ മേഖലയിലെ റോഡുകളും ചർച്ചയായിരുന്നു. ലോക നിലവാരത്തിൽ റോഡ് പണിതകാര്യം വകുപ്പ് മന്ത്രി തന്നെ വിളിച്ചുപറയുകയും ചെയ്തതാണ്. പക്ഷേ, മൂന്നാറിന് തൊട്ടിപ്പുറത്ത് പാമ്പാടുംചോല ദേശീയോദ്യാനത്തിനരികിൽ ഇങ്ങനെയൊരു ഗ്രാമവും റോഡും ഉണ്ടെന്ന കാര്യം കൂടി മന്ത്രി ഓർക്കണമെന്ന് നാട്ടുകാർ പറയുന്നു. വട്ടവടക്കാർക്ക് റോഡ് വേണ്ടെന്നാണോ അധികൃതരുടെ മനോഭാവമെന്നും ഈ റോഡൊന്ന് ശരിയായി കിട്ടാൻ തങ്ങൾ ഇനി സമരത്തിനിറങ്ങണമോ എന്നുമാണ് നാട്ടുകാരുടെ ന്യായമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.