പേവിഷം: ചികിത്സയില്ലാതെ ഇടുക്കി
text_fields
അടിമാലി: തെരുവുനായ് ശല്യം രൂക്ഷമായ ഇടുക്കിയില്‍ പേവിഷ ബാധക്കെതിരായ വാക്സിന് ലഭ്യമല്ലാത്തത് ജനങ്ങളെ വലക്കുന്നു. താലൂക്ക് ആശുപത്രിയിൽ മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽവരെ സൂക്ഷിക്കേണ്ട വാക്സിനാണ് ജില്ലയിലെങ്ങും ഇല്ലാത്തത്. ഇതോടെ തെരുവുനായ്ക്കളുടെയും പേവിഷ ബാധ എല്ക്കാന് സാധ്യതയുള്ള മൃഗങ്ങളുടെയും ആക്രമണത്തിന് ഇരയാകുന്നവര്‍ വന്‍തുക നല്കി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയിലാണ്. പാമ്പ് കടിച്ചാല്‍ എടുക്കേണ്ട ആൻറിവെനവും ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്ല.
വളര്‍ത്ത് മൃഗങ്ങളുടെയോ തെരുവുനായ്ക്കളുടെയോ ആക്രമണത്തില്‍ ചെറിയ പരിക്ക് എല്ക്കുന്നവര്ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ വാക്സിനേഷനുണ്ട്. ഗുരുതര പ്രശ്നമുള്ളവർക്ക് എടുക്കേണ്ട എ.ആര്.വി വാക്സിനാണ് ഇല്ലാത്തത്. ഇതിന് 10,000 രൂപക്ക് മുകളിലാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം മാങ്കുളത്ത് തെരുവുനായുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റയാള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയശേഷമാണ് വാക്സിന് സ്വീകരിക്കാനായത്. മറ്റ് രോഗങ്ങളും അലട്ടിയിരുന്നതിനാല്‍ ഇദ്ദേഹം മരിക്കുകയും ചെയ്തു.
മാങ്കുളത്ത് മറ്റൊരു സ്ത്രീക്കും തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് വാക്സിൻ സ്വീകരിച്ചത്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും അടിയന്തരമായി പരിഹരിക്കുമെന്നും ഇടുക്കി ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.