ഐ.എച്ച്.ആര്.ഡി കോളജ് അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsനെടുങ്കണ്ടം: സ്ഥലവും കെട്ടിടവും പഠിക്കാന്‍ വിദ്യാര്ഥികളുമില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ഐ.എച്ച്.ആര്.ഡി.കോളജ്. പ്രവേശനം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കുട്ടികള്‍ ആരും ഇങ്ങോട്ട് എത്തിനോക്കിയിട്ടില്ല. നിലവിൽ 22 കുട്ടികള്‍ മാത്രമാണുള്ളത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഗ്രാമ പഞ്ചായത്ത് പച്ചടിയില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങി ഐ.എച്ച്.ആര്.ഡിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്.
തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിനായി ധനകാര്യ വകുപ്പ് അഞ്ചു കോടി രൂപ അനുവദിച്ചു. എന്നാൽ കെട്ടിടം നിര്‍മിക്കാന്‍ ഭൂമി അനുയോജ്യമല്ലെന്ന ജിയോളജിക്കല്‍ വകുപ്പിന്റെ കണ്ടെത്തല്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ സ്ഥലം കണ്ടെത്തണമെന്ന് പൊതുമരാമത്ത് പഞ്ചായത്തിനെ അറിയിച്ചിട്ട് ആറ് മാസമായി. 16 വര്‍ഷമായി ഈ സ്ഥാപനം ടൗണില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ രണ്ടാമത്തെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം. കോളജിന് അഞ്ചേക്കര്‍ സ്ഥലം വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിർദേശം.കെട്ടിട നിര്‍മാണത്തിന് അഞ്ചു കോടി അനുവദിച്ച് ആറ് വര്‍ഷം പിന്നിട്ടിട്ടും ടെൻഡർ നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിരുന്നില്ല.
പൂട്ടൽ നോട്ടീസ് നൽകിയത് 12 വട്ടം
പ്രവര്‍ത്തനം ആരംഭിച്ച് 16 വര്‍ഷത്തിനിടയില്‍ ഐ.എച്ച്.ആര്.ഡി.ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ അടച്ചു പൂട്ടലിന് സർവകലാശാല സിന്‍ഡിക്കേറ്റ് യോഗം നോട്ടീസ് നല്‍കിയത് 12 തവണ. ആദ്യം തീരുമാനമെടുക്കുന്നത് 2015 ഡിസംബറിലായിരുന്നൂ. നെടുങ്കണ്ടത്തിന് അനുവദിച്ച സ്ഥാപനത്തിന് രണ്ട് വര്‍ഷത്തിനകം സ്വന്തമായി സ്ഥലം വാങ്ങി നല്‍കാമെന്ന വ്യവസ്ഥയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
അടച്ചുപൂട്ടാന്‍ സർവകലാശാല തീരുമാനമെടുത്തതോടെ വിവിധ സംഘടനകളും വിദ്യാർഥികളും സമരവുമായി രംഗത്തെത്തി. കോളജ് യൂനിയൻ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ അര മണിക്കൂറോളം ക്ലാസെടുത്ത്പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ പഞ്ചായത്തും സ്പോണ്‍സറിങ് കമ്മിറ്റിയും ഇടപെട്ട് ഒരു വര്‍ഷത്തിനകം സ്ഥലം വാങ്ങി നല്‍കാമെന്ന് ഉറപ്പു നൽകിയതോടെ തീരുമാനത്തിൽ നിന്നും സിന്‍ഡിക്കേറ്റ് താല്‍ക്കാലികമായി പിന്മാറുകയായിരുന്നു.
ഭൂമി വാങ്ങലിലും വിവാദം
ഇതിനിടെ കോളജിന് ഭൂമി വാങ്ങുന്നതിനെ ചൊല്ലിയും വിവാദമുണ്ടായി. വാങ്ങുന്ന പ്രദേശത്തെ ചൊല്ലിയും വിലയെ ചൊല്ലിയും അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയില്‍ രൂക്ഷമായ തര്‍ക്കമാണ് നടന്നത്. നെടുങ്കണ്ടം ടൗണിനടുത്ത് പച്ചടിയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്ഥലം ഏക്കറിന് 7,90,000 രൂപ നിരക്കില്‍ നല്കാന് ഭൂ ഉടമകള്‍ തയാറായിരുന്നു.
അത് വാങ്ങാതെ കിലോമീറ്ററുകള്‍ അകലെ രാമക്കല്‍മേടിനടുത്ത് കൂടിയ വിലക്ക് സൗകര്യങ്ങളില്ലാത്ത ഭൂമി വാങ്ങാന്‍ ചില അംഗങ്ങള്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഭരണ കക്ഷിയിലെ തന്നെ ചിലര്‍ രംഗത്തെത്തിയിരുന്നു. ടൗണ്‍ കേന്ദ്രീകരിച്ച് സ്ഥലം ഏറ്റെടുത്ത് യൂനിവേഴ്സിറ്റിക്ക് വിട്ടു കൊടുക്കാന്‍ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി ക്ഷണിച്ച ക്വട്ടേഷനില്‍ പച്ചടിയില്നിന്നുള്ള വിവിധ സ്ഥലം ഉടമകള്‍ പങ്കെടുത്തിരുന്നെങ്കിലും ഇത് മരവിപ്പിച്ച് പുതിയ ക്വട്ടേഷൻ ക്ഷണിച്ചു.
ഇതില്‍ രാമക്കല്‍മേടിനടുത്ത് കോമ്പമുക്കിലെ രണ്ട് സ്ഥലമുടമകള്‍ കൂടിയ വിലക്ക് നല്കിയ ക്വട്ടേഷനുകള്‍ പ്രകാരം സ്ഥലം വാങ്ങാനുള്ള നീക്കമാണ് ഭരണ കക്ഷിയില്‍ ഭിന്നത രൂക്ഷമാക്കിയത്. പിന്നീടാണ് പച്ചടിയില്‍ സ്ഥലം വാങ്ങിയത്. ഈ സ്ഥലമാണ് കെട്ടിട നിർമാണത്തിന് അനുയോജ്യമല്ലെന്ന് ജിയോളജി വകുപ്പ് കണ്ടത്തിയിരിക്കുന്നത്. താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്ത് 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് നിലനിൽനിൽപ്പ് ഭീഷണി നേരിടുകയാണ്.
നിലവില്‍ ബി.എസ്.സി് കമ്പ്യൂട്ടര്‍, ബി.കോം കമ്പ്യൂട്ടര്‍ എന്നിങ്ങനെ രണ്ട് കോഴ്സുകളാണുള്ളത്. എം.കോം,ബി.കോം ട്രാന്സേഴ്സ് എന്നിങ്ങനെ രണ്ട് കോഴ്സുകള്‍ക്കു കൂടി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കെട്ടിടത്തിന്റെ അസൗകര്യം മൂലം ലഭിച്ചിട്ടില്ല. 25 ഓളം വിദ്യാര്‍ഥികളും അധ്യാപകരടക്കം 13 ഓളം ജീവനക്കാരുമാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.