പൂഞ്ചിറയെ എന്തുകൊണ്ട് അവഗണിക്കുന്നു?
text_fieldsകുടയത്തൂർ: കുടയത്തൂർ പഞ്ചായത്തിന് വിനോദസഞ്ചര ഭൂപടത്തിൽ ഇടംനൽകിയ പ്രധാന ടൂറിസം കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിലുള്ള തണുപ്പും കാറ്റും ശാന്തതയും നൽകുന്ന അന്തരീക്ഷമാണ് പൂഞ്ചിറയിലേത്. ഈ സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.
കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി ഈ ടൂറിസം കേന്ദ്രം പങ്കിടുന്നു. ഇടുക്കി ജില്ലയിലെ കാഞ്ഞാർ വഴിയും കോട്ടയം ജില്ലയിലെ മേലുകാവ് വഴിയും പൂഞ്ചിറയിലേക്ക് എത്താം.
കോട്ടയം ജില്ലയിലെ റോഡ് ഉന്നത നിലവാരത്തിൻ ഗതാഗതയോഗ്യമായതോടെ ഒട്ടേറെ സഞ്ചാരികളാണ് ഇതുവഴി ഇവിടെ എത്തുന്നത്.
മിക്ക ദിവസങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം അടക്കം പ്രതിദിനം ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. എന്നാൽ, ഇതിന്റെ ഗുണം കുടയത്തൂർ പഞ്ചായത്തിന് ലഭിക്കുന്നില്ല. കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയിൽനിന്ന് ആധുനിക രീതിയിൽ ടാറിങ് പൂർത്തിയായതോടെയാണ് ഇവിടേക്ക് കൂടുതൽ വഹനങ്ങൾ എത്തുന്നത്. എന്നാൽ, ഇടുക്കി ജില്ലയുടെ ഭാഗത്തെ റോഡ് തകർന്ന നിലയിലാണ്. റോഡിന് ആവശ്യമായ വീതിയുമില്ല. കൂടാതെ ചപ്പാത്തുകൾ നിർമിക്കാത്തതിനാൽ ഇതുവഴി ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
2005ൽ നിർമാണം തുടങ്ങിയ ഈ റോഡ് ഇനിയും പൂർത്തിയാക്കാത്തത് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ കാരണമാണെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡ് ഗുണനിലത്തിൽ നിർമിച്ചാൽ വാഗമൺ യാത്രക്കാർക്ക് പൂഞ്ചിറയിൽ എത്താൻ ഏറെ പ്രയോജനകരമായിരിക്കും. ഇതിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കരാറെടുത്ത കോൺട്രാക്ടറുടെ അനാസ്ഥയും കോടതി വ്യവഹാരങ്ങളുമാണ് വർഷങ്ങളോളം ടാറിങ് തടസ്സപ്പെടാൻ കാരണം. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ടാറിങ് നടത്തിയത്. ഇനിയും 10ലധികം കലുങ്കുകളുടെ നിർമാണം പൂർത്തിയാക്കാനുണ്ട്. എങ്കിലേ ഗതാഗതം സുഗമമാകൂ. ബി.എം ബി.സി നിലവാരത്തിൽ ടാറിങ് നടത്തി റോഡ് ടൂറിസത്തിന് അനുയോജ്യമാക്കിയാൽ നാടിന്റെ വികസനത്തിനും ഗുണകരമാകും. അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുമ്പോൾ വാഗമണിലേക്ക് ഉൾപ്പെടെ പോകുന്ന വിനോദസഞ്ചാരികൾ പൂഞ്ചിറയും കണ്ട് മടങ്ങുന്ന അവസ്ഥയുണ്ടാകും.
-കെ.എൻ. ഷിയാസ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.