ഇടമലക്കുടിയിൽ ഇന്‍റർനെറ്റിന് 4.30 കോടി
text_fieldsഇടുക്കി: ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ ഇന്‍റർനെറ്റ്, മൊബൈൽ കണക്ടിവിറ്റി സൗകര്യമൊരുക്കാൻ 4.30 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. പട്ടികവർഗ വകുപ്പിന്‍റെ കോർപസ് ഫണ്ടിൽനിന്നാണ് 4,30,74, 727 രൂപ അനുവദിച്ചത്.
കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. മുതുവാൻ വിഭാഗത്തിൽപെട്ട ആദിവാസികളാണ് ഇവിടെ അധിവസിക്കുന്നത്. ബി.എസ്.എൻ.എല്ലാണ് ഇടമലക്കുടിയിൽ ഇന്‍റർനെറ്റ് സൗകര്യം ഒരുക്കുന്നത്.
ഇന്‍റർനെറ്റ്, മൊബൈൽ കണക്ടിവിറ്റി സൗകര്യങ്ങളില്ലാത്തതിനാൽ കോവിഡ്കാലത്ത് ഇടമലക്കുടിയിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തത് ഏറെ ചർച്ചയായിരുന്നു. കോവിഡിന്‍റെ ആദ്യഘട്ടത്തിൽ പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്യാത്തതിനാൽ റെഗുലർ ക്ലാസ് നടത്തി ഇടമലക്കുടി ഗവ. എൽ.പി സ്കൂൾ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, പിന്നീട് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ റെഗുലർ ക്ലാസ് മുടങ്ങി.
ഇടമലക്കുടിയിലെ 24 കുടികളിലും മൊബൈൽ റേഞ്ചോ കേബിൾ കണക്ഷനോ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനവും സാധ്യമായിരുന്നില്ല. കുടികളിൽ നേരിട്ടെത്തി പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചെങ്കിലും ആകെയുള്ള രണ്ട് അധ്യാപകർ വനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തി പഠിപ്പിക്കുന്നതും പ്രായോഗികമായിരുന്നില്ല.
പിന്നീട് പുറത്തുനിന്ന് പെന്‍ഡ്രൈവിലാക്കി ക്ലാസിന്‍റെ വിഡിയോ കൊണ്ടുപോയി കൊടുക്കുകയായിരുന്നു.
എന്നാൽ, കുടികളിലേക്കുള്ള ദുർഘടപാതകളും പ്രതികൂല കാലാവസ്ഥയുമെല്ലാം ഇതിനും തിരിച്ചടിയായി. മൊബൈൽ, ഇന്‍റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ ഒരുക്കുന്നതോടെ ഇടമലക്കുടിയുടെ തൊഴിൽ, വിദ്യാഭ്യാസ മേഖലകൾക്ക് ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.