ഇടുക്കിയിൽ പുറത്തായത് 10,625 ഇരട്ടവോട്ട്
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിൽ ഒഴിവാക്കിയത് 10,625 ഇരട്ട വോട്ട്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും ഇതര സംസ്ഥാനങ്ങളിലും വോട്ടുള്ളവരും വോട്ടർപട്ടികയിൽ ആവർത്തിച്ച് ഇടംപിടിച്ചവരും ഇതിൽ ഉൾപ്പെടുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ജില്ല ഭരണകൂടം ക്രമക്കേട് കണ്ടെത്തി ഒഴിവാക്കാൻ നടപടി തുടങ്ങിയത്.
ദേവികുളം മണ്ഡലത്തിൽ 4,529, ഉടുമ്പൻചോല- 439, തൊടുപുഴ- 1545, ഇടുക്കി- 2821, പീരുമേട്- 1291 എന്നിങ്ങനെയാണ് ജില്ലയിലെ ഒാരോ മണ്ഡലത്തിലും ഒഴിവാക്കിയ ഇരട്ടവോട്ടുകൾ. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലും കേരളത്തിലുമായി വോട്ടുള്ളവരും ഒന്നിലധികം തിരിച്ചറിയൽ കാർഡ് കൈവശമുള്ളവരും ബന്ധപ്പെട്ട താലൂക്ക് ഒാഫിസിലെ ഇലക്ഷൻ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ല കലക്ടർ നിർദേശിച്ചിരുന്നു. കൂടുതൽ ഇരട്ടവോട്ടുകൾ കണ്ടെത്തി നീക്കാൻ നടപടി തുടരുകയാണ്. പതിനായിരത്തിലധികം ഇരട്ടവോട്ട് ഒഴിവാക്കുന്നത് 2016ൽ നേരിയ ഭൂരിപക്ഷത്തോടെ സ്ഥാനാർഥികൾ വിജയിച്ച മൂന്ന് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
1291 ഇരട്ടവോട്ട് നീക്കിയ പീരുമേട്ടിൽ കഴിഞ്ഞതവണ സി.പി.െഎയുടെ ഇ.എസ്. ബിജിമോൾ 314 വോട്ടിനാണ് വിജയിച്ചത്. ഉടുമ്പൻചോലയിൽ എം.എം. മണിയുടെ വിജയം 1109 വോട്ടിനായിരുന്നു. അവിടെനിന്ന് 439 ഇരട്ട വോട്ടാണ് ഒഴിവാക്കിയത്. ദേവികുളത്ത് വിജയിച്ച സി.പി.എമ്മിലെ എസ്. രാജേന്ദ്രെൻറ ഭൂരിപക്ഷം 5782 വോട്ടിനായിരുന്നു. അവിടെ നീക്കിയത് 4529 ഇരട്ട വോട്ടാണ്. ദേവികുളത്ത് എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനാൽ സ്വതന്ത്രനെ പിന്തുണക്കുകയാണ്. ഇൗ പ്രത്യേക സാഹചര്യം മണ്ഡലത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളിൽ താരതമ്യേന ദുർബല സ്ഥാനാർഥികളെയാണ് എൻ.ഡി.എ മത്സരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.