ഇടുക്കി ജില്ലയിൽ 2690 പേർ അതിദരിദ്രർ: ഇടമലക്കുടിയിൽ 16പേർ
text_fieldsതൊടുപുഴ: ജില്ലയിൽ 2690പേർ അതിദരിദ്രരെന്ന് ദാരിദ്ര്യ ലഘൂകരണ സർവേയുടെ കണ്ടെത്തൽ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ദുര്‍ഘടമായതും ഗതാഗത സൗകര്യം അപര്യാപ്തവുമായ പ്രദേശങ്ങളില്‍ എല്ലാം സമയബന്ധിതമായി പരിശോധിച്ചാണ് സർവേ പൂർത്തിയാക്കിയത്. ജില്ലയിലെ 52 പഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍ എന്നിവിടങ്ങളിലെ 861 വാര്‍ഡുകളിലെ 3.46 ലക്ഷം കുടുംബങ്ങളില്‍നിന്നാണ് 3063 പേരെ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയിലൂടെ അതി ദരിദ്രരായി പ്രാഥമികമായി കണ്ടെത്തിയത്.
ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത്തല ഉദ്യോഗസ്ഥരും സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഉദ്യോഗസ്ഥരും തുടർന്ന് സൂക്ഷ്മതല പരിശോധന നടത്തി. പരിശോധനക്കുശേഷം 2690 പേരാണ് അതിദരിദ്രരുടെ അന്തിമ പട്ടികയിലുള്ളത്. ഇടമലക്കുടിയില്‍ 16 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്.
32 പഞ്ചായത്തുകളില്‍ 50 ല്‍ താഴെ ആളുകളും, 16 പഞ്ചായത്തുകളില്‍ 50 മുതല്‍ 100 വരെയുള്ള ആളുകളും ആറ് പഞ്ചായത്തുകളില്‍ 100ന് മുകളില്‍ ആളുകളെയും അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പന നഗരസഭയിൽ 149 തൊടുപുഴ 122 എന്നിങ്ങനെയുമാണ്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് വിവരശേഖരം നടത്തിയത്. ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറായ സാജു സെബാസ്റ്റ്യനായിരുന്നു ജില്ല നോഡല്‍ ഓഫിസര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.