ആദിവാസി കുടികളിൽ ഗോത്ര സേവ പദ്ധതി
text_fieldsതൊടുപുഴ: ആദിവാസി സങ്കേതങ്ങളിൽനിന്നുള്ളവർക്ക് വാഹനങ്ങൾ ഓടിക്കാൻ കുടികളിലെത്തി പരിശീലനം നൽകി മോട്ടോർ വാഹന വകുപ്പ്.
ആദിവാസി കുടികളിൽ ലൈസൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തിലും ഗോത്ര വിഭാഗങ്ങളെ യാത്ര സംവിധാനത്തിന് സ്വയംപര്യാപ്തമാക്കുക എന്ന ഉദ്ദേശ്യത്തിലുമാണ് ‘ഗോത്ര സേവ’ നടപ്പാക്കുന്നത്. ‘നാളെയുടെ സാരഥിയാകാൻ നമുക്കൊരുമിക്കാം’ ടാഗ് ലൈനുമായാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കുടികളിലും മറ്റുമുള്ള യുവാക്കൾക്ക് ഗതാഗത നിയമ ലംഘനങ്ങൾ പഠിപ്പിച്ച് അവർക്ക് സൗജന്യമായി ലൈസൻസ് നൽകുകയാണ് ചെയ്യുന്നത്. ആദ്യഘട്ടം എന്ന നിലയിൽ രണ്ടുമാസം മുമ്പ് മാങ്കുളം ശേവലുകുടിയിൽ രണ്ടുമാസത്തെ ലേണേഴ്സ് പരിശീലനത്തിന് ഒടുവിൽ വിജയിച്ച 28 പേർക്ക് 29ന് മാങ്കുളത്ത് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ലൈസൻസ് വിതരണം ചെയ്യും.
അടിമാലിയിൽ പ്രവർത്തിക്കുന്ന ദേവികുളം സബ് ആർ.ടി ഓഫിസ് അധികൃതരാണ് കുടികളിലെത്തി ലൈസൻസ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
നിയമങ്ങളും ചട്ടങ്ങളും പഠിപ്പിച്ച് ലേണേഴ്സ് ലൈസൻസ് എടുപ്പിച്ച ശേഷമാണ് ടെസ്റ്റ് നടത്തി ലൈസൻസിന് അർഹരാക്കിയത്. 28ൽ രണ്ടുപേർ വനിതകളാണ്. മാങ്കുളം പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾക്ക് തുടക്കം കുറിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വൈകീട്ട് തങ്ങളുടെ ജോലി അവസാനിച്ച ശേഷം അടിമാലിയിൽനിന്ന് കുടികളിൽ നേരിട്ടെത്തിയാണ് പരിശീലനവും നൽകിയത്.
പദ്ധതി മറ്റ് കുടികളിലേക്കും വ്യാപിപ്പിക്കും
ഗോത്രവിഭാഗ ജനതക്ക് മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപുരുഷ ഭേദമെന്യേ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗോത്രസേവ പദ്ധതിക്ക് രൂപംനൽകിയതെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു. ഇതിന് ട്രൈബൽ വകുപ്പിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. ദേവികുളം ജോ. ആർ.ടി.ഒ ടി.എച്ച്. യെൽദോയുടെയും പിന്തുണയോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എൻ.കെ. ദീപു, എസ്. ഫ്രാൻസിസ്, എ.എം.വി.ഐമാരായ ഫവാസ് സലിം, അബിൻ ഐസക്, മറ്റു ജീവനക്കാരായ കെ. ഹരിത, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കുന്നത്. പദ്ധതി മറ്റ് കുടികളിലേക്കും വ്യാപിപ്പിക്കുമെന്നും ആർ.ടി.ഒ പറഞ്ഞു.
ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ, ഊരുമൂപ്പൻ, തദ്ദേശ സ്വയംഭരണ ഭാരവാഹികൾ, എസ്.ടി പ്രമോട്ടർ എന്നിവരിൽനിന്നും വിവരശേഖരണം നടത്തി ഗുണഭോക്താക്കളെ കണ്ടെത്തി അവരിൽനിന്നും അപേക്ഷ നേരിട്ട് സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.