ദേശീയപാത 85ൽ മൂന്നാർ-ബോഡിമെട്ട് റീച്ചിന്റെ ഉദ്ഘാടനം 12ന്
text_fieldsമൂന്നാർ: കൊച്ചി-ധനുഷ്കോടി ദേശീയപാത 85ൽ നവീകരണം പൂർത്തീകരിച്ച മൂന്നാർ-ബോഡിമെട്ട് റീച്ചിന്റെ ഉദ്ഘാടനം ഒക്ടോബർ 12ന് നടക്കും. കുന്നും മലകളും തേയിലത്തോട്ടങ്ങളും ഏലമലക്കാടുകളും താണ്ടി കടന്നുപോകുന്ന പ്രകൃതി രമണീയമായ ഈ റീച്ചിന്റെ ദൂരം 42 കിലോമീറ്ററാണ്. 382 കോടി ചെലവിൽ 2017 ലാണ് നവീകരണം ആരംഭിച്ചത്. ചെങ്കുത്തായ മലഞ്ചരിവുകളിലൂടെ കടന്നുപോകുന്ന ദേവികുളം ഗ്യാപ്റോഡ് ഉൾപ്പെടുന്ന 900 മീറ്റർ ഭാഗവും പാറപൊട്ടിച്ച് വീതികൂട്ടി മനോഹരമാക്കി. സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതകളിൽ പ്രകൃതിഭംഗികൊണ്ടും നിർമാണ വൈദഗ്ധ്യം കൊണ്ടും ഏറ്റവും മെച്ചപ്പെട്ട പാത കൂടിയാണിത്.
രണ്ട് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കണമെന്ന കരാറിലാണ് 2017ൽ പണി തുടങ്ങിയതെങ്കിലും വനംവകുപ്പിന്റെ ഉടക്ക് ഉൾപ്പെടെ പല കാരണങ്ങളാൽ ആറു വർഷമെടുത്താണ് പൂർത്തിയായത്. നിലവിൽ പണിയെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ദേവികുളം ലോക്ക്ഹാർട്ട് ഭാഗത്ത് ടോൾ പ്ലാസയും സ്ഥാപിച്ചുകഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞാൽ ഇടുക്കി ജില്ലയിലെ ആദ്യ ടോൾ ഗേറ്റ് ഇവിടെ പ്രവർത്തനം ആരംഭിക്കും. കേന്ദ്രമന്ത്രിയുടെ അസൗകര്യം ഉൾപ്പെടെ പല കാരണങ്ങളാൽ മൂന്നുതവണ മാറ്റിവെച്ച ചടങ്ങാണ് 12ന് തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.