തേയില കർഷകർക്ക് നൽകുന്ന ഇൻസെന്റിവ് ഇടനിലക്കാർ തട്ടിയെടുക്കുന്നു
text_fieldsകട്ടപ്പന: ചെറുകിട തേയില കർഷകർക്ക് വൻകിട തേയില കമ്പനികൾ നൽകുന്ന കോടിക്കണക്കിനു രൂപയുടെ ഇൻസെന്റിവ് ഇടനിലക്കാർ തട്ടിയെടുക്കുന്നതായി പരാതി. ജൈവ രീതിയിലുള്ള തേയില ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ചെറുകിട കർഷകർക്ക് വൻകിട തേയില കമ്പനികൾ നൽകുന്ന ഇൻസെന്റിവാണ് ഇടനിലക്കാർ തട്ടിയെടുക്കുന്നതായി കർഷക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
റെയിൻ ഫോറസ്റ്റ് അലയൻസസ് (ആർ.എ) രജിസ്ടേഷനിൽ അംഗത്വമുള്ള ചെറുകിട കർഷകർക്ക് ഒരു കിലോ കൊളുന്തിന് 50 പൈസയാണ് കമ്പനി ഇൻസെന്റിവായി അനുവദിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ചെറുകിട തേയില കർഷകർക്ക് ഈ ഇനത്തിൽ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ തട്ടിയെടുക്കുന്നത്.
നിരോധിത കീടനാശിനികളും അമിത രാസവള പ്രയോഗവും ഒഴിവാക്കി ഗുണനിലവാരമുള്ള കൊളുന്ത് ഉൽപാദിപ്പിക്കുന്ന കർഷകർക്കാണ് റെയിൻ ഫോറസ്റ്റ് അലയൻസിൽ അംഗത്വം ലഭിക്കുക. അന്താരാഷ്ട്ര വിപണിയിൽ തേയില വിറ്റഴിക്കുന്ന കമ്പനികൾക്കും ആർ.എ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. റെയിൻ ഫോറസ്റ്റ് അലയൻസ് എന്ന സ്വകാര്യ കമ്പനിയാണ് തേയില കമ്പനികളുടെ രജിസ്ട്രേഷൻ നടത്തുന്നത്. ഇതിന് ഓരോ തേയില കർഷകനും പ്രതിവർഷം 600 രൂപയോളം ചെലവാകും. നല്ല ഗുണനിലവാരമുള്ള തേയിലപ്പൊടി കമ്പനികളിൽ ഉൽപാദിപ്പിക്കണമെങ്കിൽ നല്ല കൊളുന്ത് കർഷകരിൽനിന്ന് ലഭിക്കണം. നല്ല കൊളുന്ത് കർഷകർ ഉൽപാദിപ്പിക്കാൻ അവർക്ക് ഇൻസെന്റിവ് നൽകി പ്രോത്സാഹിപ്പിക്കാനാണ് റെയിൻ ഫോറസ്റ്റ് അലയൻസിൽ കർഷകർക്ക് അംഗത്വം നൽകുന്നത്. അംഗത്വമുള്ള കർഷകർക്ക് ഒരു കിലോ കൊളുന്തിന് 50 പൈസ കമ്പനികൾ ഇൻസെന്റിവായി അനുവദിക്കും. കർഷകരിൽനിന്ന് കൊളുന്ത് ശേഖരിക്കുന്ന ഇടനിലക്കാരാണ് ഇൻസെന്റിവ് വാങ്ങി നൽകേണ്ടത്.
എന്നാൽ, ഇൻസെന്റിവ് ഇനത്തിൽ ക മ്പനികളിൽനിന്ന് ഇടനിലക്കാർ വാങ്ങുന്ന തുക വർഷങ്ങളായി കർഷകർക്ക് കൊടുക്കുന്നില്ല. ഇത് ഇടനിലക്കാർ തട്ടിയെടുക്കുകയാണ്. ഇങ്ങനെ ആയിരക്കണക്കിന് ചെറുകിട തേയില കർഷകർക്ക് ഇൻസെന്റിവായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ തട്ടിയെടുക്കുന്നത്.
കമ്പനികൾ ഇൻസെന്റിവായി കർഷകർക്ക് അനുവദിക്കുന്ന തുക ബാങ്ക് അക്കൗണ്ടുവഴി നേരിട്ട് കർഷകർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചാൽ തട്ടിപ്പ് തടയാമെന്നാണ് കർഷകർ പറയുന്നത്.
സംസ്ഥാനത്ത് ആയിരക്കണക്കിന് കർഷകരാണുള്ളത്. ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന കൊളുന്തും രജിസ്ട്രേഷനുള്ള കർഷകരുടെ കൊളുന്തുമായി ചേർത്ത് കമ്പനികളെയും ഇവർ ചൂഷണം ചെയ്യുന്നു. കമ്പനി നൽകുന്നതിലും ഏഴും എട്ടും രൂപ വില കുറച്ചാണ് ഇടനിലക്കാർ കർഷകരിൽനിന്ന് കൊളുന്ത് വാങ്ങുന്നത്. ഇങ്ങനെയും ഇടനിലക്കാർ കർഷകരെ കബളിപ്പിക്കുന്നു. കമ്പനികളിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് ചെറുകിട തേയില കർഷകരെ വർഷങ്ങളായി ചൂഷണം ചെയ്തു വരുകയാണെന്നും കർഷക നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.