ഷോക്കടിപ്പിക്കല്ലേ...വൈദ്യുതി ബില്ലിൽ പത്തിരട്ടി വർധന, കെ.എസ്.ഇ.ബി ഓഫിസിൽ ഉപഭോക്താക്കളുടെ പ്രതിഷേധം
text_fieldsതൊടുപുഴ: തൊടുപുഴ സെക്ഷൻ-വൺ ഓഫിസിനു കീഴിലെ വൈദ്യുതി ബില്ലിൽ ഇരട്ടിയിലധികം വർധന വന്നതിനെ തുടർന്ന് ഉപഭോക്താക്കളുടെ പ്രതിഷേധം.തൊടുപുഴ നഗരസഭയിലെ മൂന്ന്, അഞ്ച് വാർഡുകളിലെ മുപ്പതിലേറെ ഉപഭോക്താക്കൾക്കാണ് പത്ത് മടങ്ങിലേറെ ബില്ലിൽ വർധനയുണ്ടായത്.
ശരാശരി 2000-2500 രൂപ തോതിൽ ബിൽ വന്നിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപ വരെ പുതിയ ബില്ല് വന്നതായാണ് പരാതി.മണർകാട്ട് സണ്ണി സെബാസ്റ്റ്യന് മുൻകാലങ്ങളിൽ ബിൽ വന്നിരുന്നത് 2200- 2700 രൂപ നിരക്കിലായിരുന്നു. എന്നാൽ, പുതിയ മീറ്റർ റീഡിങ് കഴിഞ്ഞപ്പോൾ കിട്ടിയ ബിൽ 60,611 രൂപയാണെന്ന് പറയുന്നു. 1700- 2000 രൂപ കണക്കിൽ വൈദ്യുതി ചാർജ് അടച്ചിരുന്ന മുളയ്ക്കൽ എം.എസ്. പവനന് 33,705 രൂപയാണ് കിട്ടിയ ബില്ല്. ജൂണിൽ മണക്കാട്, കുമാരമംഗലം പഞ്ചായത്തുകളിലും സമാനമായ രീതിയിൽ കൂടിയ ബിൽ വന്നിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരിമണ്ണൂർ സ്വദേശിയായ മീറ്റർ റീഡിങ് കരാർ ജീവനക്കാരൻ റീഡിങ്ങിൽ കൃത്രിമം കാട്ടിയതാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ ജോലിയിൽനിന്ന് പുറത്താക്കി. തൊടുപുഴ സെക്ഷൻ- 1 ഓഫിസിന് കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയും അന്ന് സസ്പെൻഡ് ചെയ്തിരുന്നു. ക്രമക്കേട് സംബന്ധിച്ച് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെയാണ് വീണ്ടും വൈദ്യുതി ബില്ല് കുത്തനെ കൂടിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, കൗൺസിലർ കെ. ദീപക് എന്നിവരുടെ നേതൃത്വത്തിൽ ഉപഭോക്താക്കൾ കെ.എസ്.ഇ.ബി ഓഫിസിലെത്തി എക്സി. എൻജിനീയറെ കണ്ട് പ്രതിഷേധമറിയിച്ചു. പിരിച്ചുവിട്ട മീറ്റർ റീഡർ നേരത്തേ റീഡിങ് എടുത്തിരുന്ന മേഖലയിലാണ് ഇപ്പോൾ ബില്ലിൽ ക്രമക്കേട് ഉണ്ടായതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.
ഉപഭോക്താക്കൾ കൂടിയ ബില്ല് അടക്കേണ്ടതില്ലെന്ന് എക്സി. എൻജിനീയർ അറിയിച്ചു. സാധാരണ വരുന്ന വൈദ്യുതി ചാർജിന്റെ ശരാശരി തുക അടച്ചാൽ മതിയാകും. ജൂണിൽ കൂടിയ ബില്ല് വന്നവരുടെ പക്കൽനിന്ന് ശരാശരി തുകയാണ് ഈടാക്കിയത്. ഇതുവരെ ഇത്തരം 230 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എങ്ങനെയാണ് ക്രമക്കേട് നടത്തിയതെന്ന് സംബന്ധിച്ച് വിജിലൻസ് അന്വേഷണം പൂർത്തിയായാലേ വ്യക്തമാകൂവെന്ന് എക്സി. എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.