ചൂടിനൊപ്പം പൊള്ളിച്ച് പകർച്ചപ്പനിയും
text_fieldsതൊടുപുഴ: കനത്ത ചൂടിനിടെ ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. രണ്ടാഴ്ചക്കിടെ ജില്ലയിൽ 3,370 പേർക്ക് പനി ബാധിച്ചു.ജനുവരി ഒന്ന് മുതൽ വെള്ളിയാഴ്ച വരെ വൈറൽപനി ബാധിച്ചവർ 10,759 പേരാണ്. ജനുവരിയിൽ 7,389 പേരാണ് വൈറൽപനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ജനുവരിയിൽ അഞ്ചുപേർക്ക് ഡെങ്കിപ്പനിയും രണ്ടുപേർക്ക് എലിപ്പനിയും ബാധിച്ചിരുന്നു.
ഇതിന് പുറമെ ചൂടുകാലത്തുണ്ടാകുന്ന ചിക്കൻപോക്സ്, ചെങ്കണ്ണ് എന്നിവ പടരാനും സാധ്യതയേറി. കുട്ടികളിലടക്കം ചെങ്കണ്ണ് രോഗങ്ങൾ കണ്ടുവരുന്നുണ്ട്. രാവിലെയുള്ള തണുപ്പും പിന്നീടുള്ള കനത്ത ചൂടുംമൂലം കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസമാണ് പനിയടക്കമുള്ള രോഗങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചൂട് ഉയർന്ന് നിൽക്കുന്നത് സൂര്യാതപത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പകൽച്ചൂട് ഉയർന്ന് നിൽക്കുന്നത് നിർമാണ മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ചൂടിന്‍റെ കാഠിന്യം കൂടിയാൽ നിർമാണ മേഖലകളിലുൾപ്പെടെ ജോലിക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കും. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയാൻ തടസ്സം നേരിടുകയും ചെയ്യും.
ഇത് ചുവന്നു തടിക്കൽ, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവക്കും അബോധാവസ്ഥക്കും കാരണമാകാം. ഈ രീതിയിൽ സൂര്യാതപ ലക്ഷണങ്ങളുണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Influenza also increases the temperature
രോഗങ്ങൾക്കെതിരെ ജാഗ്രത വേണം -ഡി.എം.ഒ
ഉഷ്ണകാല രോഗങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ഡി.എം.ഒ ഡോ. എൽ. മനോജ് പറഞ്ഞു. പനി ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനംമൂലമുണ്ടാകുന്ന പനിയാണ് കണ്ടുവരുന്നത്.
ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളും ബോധവത്കരണവുമടക്കം തുടങ്ങിയിട്ടുണ്ട്. സൂര്യാതപത്തെ പ്രതിരോധിക്കാനുള്ള നടപടികളടക്കം ഉൾപ്പെടുത്തിയാണ് ബോധവത്കരണം. ഇതുകൂടാതെ ചൂടുകാലത്തെ രോഗങ്ങളായ ചിക്കൻപോക്സ്, ചെങ്കണ്ണ് എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.
ശ്രദ്ധിക്കണം, സൂര്യാതപം
1.സൂര്യാതപം ഏറ്റതായി സംശയം തോന്നിയാൽ വെയിലത്തുനിന്ന് തണലത്തേക്ക് മാറി വിശ്രമിക്കണം.
2.ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കംചെയ്ത് തണുത്തവെള്ളം കൊണ്ട് ശരീരം തുടക്കണം.
3.ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുന്നതും ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിൻവെള്ളം ഉൾപ്പെടെ പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്.
4. മുതിർന്ന പൗരന്മാർ, കുഞ്ഞുങ്ങൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം
5. നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കാം. വേദനയും പൊള്ളലും ഉണ്ടാകാം. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.