പകർച്ചവ്യാധി; മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ല ഭരണകൂടം
text_fieldsഇടുക്കി: മഴക്കാലത്ത് ഡെങ്കി അടക്കം കൊതുകുജന്യ രോഗങ്ങൾ ജില്ലയിൽ പടരുന്നത് ഒഴിവാക്കാൻ വിട്ടുവീഴ്ചയില്ലാത്ത മുന്നൊരുക്കങ്ങൾക്ക് ജില്ല ഭരണകൂടം തയാറെടുക്കുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കലക്ടർ ഷീബ ജോർജ് വിളിച്ചുചേർത്ത ജില്ലതല വകുപ്പ് മേധാവികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഹോട്ടലുകളിലും റിസോർട്ടുകളിലെയും ജലത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിന് ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വ്യാപക പരിശോധന ഉടൻ ആരംഭിക്കും. ജ്യൂസ് ഷോപ്പുകളും തട്ടുകടകളുമടക്കം ജില്ലയിലെ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധന നടത്താൻ പഞ്ചായത്തുകളുടെ സഹകരണവും ഉറപ്പാക്കും. നേതൃത്വം ആരോഗ്യവകുപ്പ് തന്നെയാകും നിർവഹിക്കുക. കേസുകളെടുക്കുന്നതിലും നോട്ടീസ് നൽകുന്നതിലും വിട്ടുവീഴ്ച വേണ്ടെന്നും കലക്ടർ നിർദേശിച്ചു.
പകർച്ചവ്യാധികൾ വർധിക്കുന്നതായി റിപ്പോർട്ട്
കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം പകർച്ചവ്യാധികൾ വളരെ കൂടുതലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കലണ്ടർ പ്രകാരമുള്ള ഊർജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കലക്ടർ അറിയിച്ചു. ഡെങ്കിപ്പനി ഹോട്ട്സ്പോട്ടുകൾ ആയി കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തും. ത്രിതല പഞ്ചായത്തുകൾ ആരോഗ്യവകുപ്പുമായി ചേർന്ന് വാർഡ് തല ശുചിത്വ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും.മേയ് 20ന് മുമ്പ് കൊതുക് നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷൻ ഡ്രൈവും പൂർത്തീകരിക്കും തോഴിലുറപ്പ് പദ്ധതികൾക്ക് പോകുന്നവർ എലിപ്പനിക്കെതിരായ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മലേറിയ കേസുകൾ ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മൈഗ്രൻസ് സ്ക്രീനിങ് തൊഴിൽ വകുപ്പ് ഉറപ്പുവരുത്തും.
സ്പെഷൽ സ്ക്വാഡുകൾ രൂപവത്കരിക്കും
മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, പൊതുഇടങ്ങളിൽ നിക്ഷേപിക്കുക, ഒഴുക്കിവിടുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ നിലവിലെ വകുപ്പുകൾ പ്രകാരം കർശന നടപടികൾ സ്വീകരിക്കും. ഇതിന് സ്പെഷൽ സ്ക്വാഡ് രൂപവൽകരിക്കാനും തീരുമാനമായി. ജലസംഭരണ ടാങ്കുകളിൽ നിന്നുള്ള വെള്ളം അരിച്ച് ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.
മാലിന്യപരിപാലനം ഉറപ്പുവരുത്തുന്നതിനായി വാതിൽപ്പടി ശേഖരണം, സംഭരണം, എം.സി.എഫ്, ആർ.ആർ.എ.എഫ് എന്നിവയിൽ നിന്നുള്ള മാലിന്യനീക്കം, ഡ്രൈഡേ ആചരണം (വെള്ളിയാഴ്ച സ്ഥാപനങ്ങളിൽ, ഞായറാഴ്ച വീടുകളിൽ) ഓടകൾ വൃത്തിയാക്കൽ, ജലസ്രോതസ്സുകളുടെശുചീകരണം, ക്ലോറിനേഷൻ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളിലേക്ക് മാലിന്യം തള്ളൽ തടയുന്ന നടപടികൾ, ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്ന കൈവഴികളുടെയും ഓടകളുടെയും ശുചീകരണം എന്നിവയും കാര്യക്ഷമമായി നടപ്പാക്കണം.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ അതത് പഞ്ചായത്തുകൾക്ക് വലിയ പങ്കാണുള്ളതെന്നും ശുചിത്വ മിഷൻ അടക്കം ഏജൻസികൾ അവ മികച്ച രീതിയിൽ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.