പകർച്ചപ്പനി വില്ലൻ; നാളെ ഡ്രൈഡേ
text_fieldsപനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകളിലും ഓഫിസുകളിലും വീടുകളിലും ഞായറാഴ്ച ഡ്രൈഡേ ആചരിക്കാനും മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനം. പകർച്ചവ്യാധികൾ, പനി തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളിലും വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ആരോഗ്യ വകുപ്പ് എന്നിവ സഹകരിച്ച് ക്ലീൻ ഡ്രൈവ് നടത്തണമെന്ന് കലക്ടർ ഷീബ ജോർജ് നിർദേശിച്ചു.
അസുഖമോ? കുട്ടികൾക്ക് അവധി നിർബന്ധം
അസുഖമുള്ള കുട്ടികൾക്ക് ക്ലാസിൽനിന്ന് നിർബന്ധമായും അവധികൊടുക്കാൻ അധ്യാപകർക്ക് നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെ. ഡയറക്ടറോട് കലക്ടർ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പനിയുണ്ടെങ്കിൽ മൂന്നു മുതൽ അഞ്ച് ദിവസം സ്കൂളിൽ അയക്കരുത്.
നിർബന്ധമായും ചികിത്സ തേടണം. രോഗവിവരം സ്കൂളിൽനിന്നും അന്വേഷിക്കണം. അസാധാരണമായി എന്തെങ്കിലും അസുഖങ്ങൾ കണ്ടാൽ ഉടൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശത്തെ മെഡിക്കൽ ഓഫിസറെ അറിയിക്കണം.
വെള്ളം കെട്ടിനിന്നാൽ അപകടം
വിദ്യാലയങ്ങളുടെ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം. ഇതിന് എല്ലാ വെള്ളിയാഴ്ചയും സ്കൂളുകളിൽ ഡ്രൈഡേ ആചരിക്കണം. കുട്ടികൾ അവരുടെ വീട്ടിൽ എല്ലാ ഞായറാഴ്ചയും ഡ്രൈഡേ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
- സ്കൂൾ കോമ്പൗണ്ടിൽ കൊതുക് മുട്ടയിട്ടു വളരാതിരിക്കാൻ വെള്ളക്കെട്ട് ഒഴിവാക്കണം.
- സ്കൂളുകളിലെ അടുക്കള, സ്റ്റോർ എന്നിവിടങ്ങളിൽ എലിശല്യം ഇല്ലെന്ന് ഉറപ്പുവരുത്തണം.
- പാചകക്കാർക്ക് ആരോഗ്യ പരിശോധന നടത്തി രോഗങ്ങളില്ലെന്ന് ഉറപ്പാക്കണം.
- കിളികളും വവ്വാലുകളും കഴിച്ച പഴങ്ങളുടെ ബാക്കി കുട്ടികൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കണം
- പകർച്ചവ്യാധി ബാധിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ക്ലാസ് ടീച്ചർ ശേഖരിച്ച് സമ്പൂർണ ലോഗിനിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി എന്ന ബട്ടൺ ക്ലിക് ചെയ്ത് വിവരങ്ങൾ നൽകണം.
- സ്കൂളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പുവരുത്താൻ ആവശ്യമെങ്കിൽ പി.ഡബ്ല്യു.ഡി, എൽ.എസ്.ജി.ഡി, സന്നദ്ധസേന എന്നിവരുടെ സേവനം ആവശ്യപ്പെടാം.
മാസ്ക് നിർബന്ധം
- ചെറിയ രോഗലക്ഷണം കണ്ടാൽപോലും കുട്ടികളെ നിർബന്ധമായും മാസ്ക് ധരിപ്പിക്കണം.
- ഒരു ക്ലാസിൽ കൂടുതൽ കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രഥമാധ്യാപകരെ അറിയിക്കുകയും അവർ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെ അറിയിക്കുകയും ചെയ്യണം.
- വിദ്യാലയങ്ങളിലെ കുടിവെള്ളം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
- എല്ലാ വിദ്യാലയങ്ങളിലും തിളപ്പിച്ചാറിയ സുരക്ഷിതമായ കുടിവെള്ളമാണ് കുട്ടികൾക്ക് നൽകേണ്ടത്.
കുടിവെള്ള ടാങ്കുകൾ കഴുകി വൃത്തിയാക്കണം.
- ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾ ശുദ്ധജലത്തിലും മുട്ടയിട്ട് പെരുകുന്നതിനാൽ കുട്ടികളുടെ വീടുകളിലും സ്കൂളിലെ വിവിധ ഇടങ്ങളിലും അതിനുള്ള സാഹചര്യം ഇല്ലാതാക്കാൻ ബോധവത്കരണം നൽകണം.
- നോഡൽ ഓഫിസർ വേണം
- എല്ലാ സ്കൂളിലും ഒരു അധ്യാപികയോ അധ്യാപകനോ പകർച്ചവ്യാധി നോഡൽ ഓഫിസറായി പ്രവർത്തിക്കണം.
- തദ്ദേശ സ്വയംഭരണതലത്തിൽ ഇതുസംബന്ധിച്ച് യോഗങ്ങൾ നടക്കുമ്പോൾ നോഡൽ ഓഫിസർ പങ്കെടുത്ത് സ്കൂൾതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം.
- ഉപജില്ലതലത്തിൽ അതത് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരും വിദ്യാഭ്യാസ ജില്ലതലത്തിൽ അതത് ജില്ല വിദ്യാഭ്യാസ ഓഫിസർമാരും ജില്ലതലത്തിൽ ഡെപ്യൂട്ടി ഡയറക്ടർമാരും നോഡൽ ഓഫിസർമാരായിരിക്കും.
- പനി പടരുന്ന സാഹചര്യത്തിൽ ശരിയായ ചികിത്സ തക്കതായ സമയത്ത് നല്കാൻ പി.ടി.എ ഗ്രൂപ്പുകളിൽ ആവശ്യമായ സന്ദേശങ്ങൾ നല്‍കണം.
ഡേറ്റ ബുക്ക് സൂക്ഷിക്കണം
പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികൾ, ജീവനക്കാർ, അധ്യാപകർ എന്നിവരുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്താൻ ഓരോ സ്കൂളിലും ഡേറ്റ ബുക്ക് സൂക്ഷിക്കണം. ഡ്രൈഡേ ആചരണം, ശുചീകരണ പ്രവര്‍ത്തനങ്ങൾ എന്നിവയിൽ എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സോഷ്യല്‍ സർവിസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആര്.സി തുടങ്ങിയവയെ പങ്കാളികളാക്കണം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കി അടക്കമുള്ള പനികൾ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ വാര്‍ഡുതലത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങൾ സജീവമാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.