കുടയത്തൂരിലെ പാറ പൊട്ടിച്ചുനീക്കാൻ നിർദേശം
text_fieldsകുടയത്തൂർ: കുടയത്തൂർ മാളിയേക്കൽ കോളനിയിൽ അപകടാവസ്ഥയിൽ തുടരുന്ന പാറക്കൂട്ടം അടിയന്തരമായി പൊട്ടിച്ചുനീക്കണമെന്ന് ജില്ല കലക്ടർ ഉത്തരവിട്ടു. ഇതിനായി തൊടുപുഴ തഹസിൽദാറെ ചുമതലപ്പെടുത്തുകയും 6,30,000 രൂപ അനുവദിക്കുകയും ചെയ്തു. 2022 ആഗസ്റ്റ് 29ന് ഉരുൾപൊട്ടലിനെത്തുടർന്നാണ് അപകടാവസ്ഥയിലായത്.
മണ്ണിടിച്ചിലുണ്ടായ ചരിവിൽ അപകടകരമായി സ്ഥിതി ചെയ്യുന്ന പാറക്കല്ലുകൾ മഴയുള്ള സമയത്ത് താഴേക്ക് പതിക്കാവുന്ന നിലയിലാണെന്നും മണ്ണിടിച്ചിലിന്റെ പ്രഭവ സ്ഥാനത്തുനിന്ന് 500 മീറ്റർ മാറി പാറക്കല്ലുകളും സമീപത്തായി കുറച്ചുകൂടി വലുപ്പത്തിലുള്ള ഒരു വലിയ പാറക്കല്ലും ഉള്ളതായും തൊടുപുഴ തഹസിൽദാറുടെ നേതൃത്വത്തിൽ ജില്ല ജിയോളജിസ്റ്റ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എൽ.എസ്.ജി.ഡി അസി. എൻജിനീയർ, കുടയത്തൂർ വില്ലേജ് ഓഫിസർ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം സ്ഥലപരിശോധന നടത്തി കണ്ടെത്തിയിരുന്നു. ഇത് പൊട്ടിച്ച് മാറ്റുമ്പോൾ സമീപത്ത് മുകളിലുള്ള കല്ലുകൾക്ക് സ്ഥാനചലനം സംഭവിച്ചാൽ ആവശ്യമെങ്കിൽ അതും പൊട്ടിച്ച് മാറ്റേണ്ടതായി വരുമെന്നും റിപ്പോർട്ട് ചെയ്തിരുന്നു. പാറകൾ സ്ഥിതിചെയ്യുന്ന സ്ഥലം മലഞ്ചരുവ് ആയതിനാൽ പൊട്ടിക്കുന്ന കല്ലുകൾ താഴ്ന്ന പ്രദേശത്തേക്ക് നീക്കം ചെയ്യേണ്ടതായുണ്ട്.
എന്നാൽ, പ്രദേശവാസികൾ ആരും കല്ല് സ്റ്റോക്ക് ചെയ്യുന്നതിന് സമ്മതിച്ചില്ല. ആയതിനാൽ കുടയത്തൂർ അന്ധവിദ്യാലയത്തിന് സമീപത്തെ എം.വി.ഐ.പിയുടെ സ്ഥലത്ത് കല്ല് സ്റ്റോക്ക് ചെയ്യാൻ തീരുമാനമെടുത്തു. പാറകൾ രാസവസ്തു ഉപയോഗിച്ച് സ്ഫോടനരഹിതമായി പൊട്ടിച്ചുനീക്കുന്നതിന് ഏകദേശം 6,30,000 ചെലവ് വരും.
ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ കുടുംബത്തിലെ അഞ്ചുപേർ മരിക്കുകയും അവരുടെ വീട് തകരുകയും ചെയ്തിരുന്നു. ഇതിന് താഴ്ഭാഗത്തുള്ള നിരവധി വീടുകളിൽ മണ്ണും ചളിയും അടിഞ്ഞ് വാസയോഗ്യമല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.