ആക്രി വില്ക്കാനുണ്ടോ; വാങ്ങാന്‍ ഇരട്ടയാര്‍ പഞ്ചായത്ത് റെഡി
text_fieldsഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് ആക്രി വ്യാപാരത്തിലേക്ക്. പ്രസിഡന്റ് ജിന്സണ് വര്‍ക്കിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തൊഴില്‍ സംരംഭമെന്ന നിലയില്‍ പഞ്ചായത്തിന്റെ മേല്‍വിലാസത്തില്‍ ആക്രി വ്യാപാര സംരംഭം തുടങ്ങാന്‍ ഹരിതകര്‍മ സേനക്ക് ഭരണസമിതി അനുമതി നല്‍കിയത്.
ഇതനുസരിച്ച് കുടുംബശ്രീ മൈക്രോ സംരംഭമായി രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പാഴ് വസ്തുക്കള്‍ ഏറ്റെടുത്ത് ആദ്യ വ്യാപരത്തിനും തുടക്കമിട്ടു.
ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിച്ച തരംതിരിച്ചതും അല്ലാത്തതുമായ 600 കിലോ പാഴ് വസ്തുക്കളാണ് ഏറ്റെടുത്തത്. ഇവ ഇരട്ടയാര്‍ പഞ്ചായത്തിന്റെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവന്ന് തരംതിരിച്ച് റി സൈക്ലിങ്ങിന് കൈമാറും. ഏജന്‍സികൾ നല്കുന്നതിനേക്കാള് കൂടിയവില നല്‍കിയാണ് ഹരിതകർമ സേന യൂനിറ്റ് പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളുമെല്ലാം ഏറ്റെടുക്കുന്നതെന്ന് യൂനിറ്റ് ഭാരവാഹികളായ പി.ടി. നിഷമോള്, ലിജിയമോള്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.
ഗുളികയുടെ സ്ട്രിപ്പുകളും മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്കുമെല്ലാം ഏറ്റെടുക്കുന്നുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ പ്രയത്നിക്കുന്ന ഹരിതകർമ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനാണ് തൊഴില്‍ യൂനിറ്റ് കൂടി ആരംഭിച്ചതെന്ന് പ്രസിഡന്റ് ജിന്സണ് വര്‍ക്കി പറഞ്ഞു.
പാമ്പാടുംപാറ പഞ്ചായത്തും പാഴ് വസ്തുക്കള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതും ഉടന്‍ ഏറ്റെടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. ഹരിതകർമ സേനാംഗങ്ങളായ എ.എസ്. അനിത, നിഷ രാജേന്ദ്രന്, സുനി സിബി, ട്രിന്‍സി ജിനേഷ് എന്നിവരാണ് യൂനിറ്റിലെ മറ്റ് അംഗങ്ങള്‍. ഇവരടക്കമുള്ള പഞ്ചായത്തിലെ എല്ലാ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും പാഴ് വസ്തുക്കള്‍ തരംതിരിക്കുന്നതില്‍ ഹരിതകേരളം മിഷന് പരിശീലനം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.