14 സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തി
text_fieldsഇടുക്കി: ജില്ലയിലെ 14 സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തി. 2017 മുതൽ 2022 വരെ നടന്ന പരിശോധനകളിലാണിത്. എന്നാൽ, വ്യാപക ക്രമക്കേടുകളെ തുടർന്ന് അന്വേഷണം നടക്കുന്ന ബാങ്കുകൾ ഈ പട്ടികയിൽ ഇല്ല.
ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള വസ്തുവിന്റെ ഈടിന്മേൽ വായ്പ നൽകുക, അനുമതിയില്ലാതെ പൊതുഫണ്ട് വിനിയോഗം, സർക്കാർ ധനസഹായത്തിന്റെ ദുർവിനിയോഗം, പരിധിയിൽ കൂടുതൽ വായ്പ നൽകുക, സർക്കുലറുകൾക്ക് വിരുദ്ധമായി വായ്പകളിൽ ഇളവനുവദിക്കുക തുടങ്ങിയ ക്രമക്കേടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നഷ്ടത്തിലാകുന്ന ബാങ്കുകളിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്തതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിരവധിയാണ്.
സി.പി.എം ഭരിക്കുന്ന കട്ടപ്പന റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ടി വന്നതിന്റെ പ്രധാന കാരണവും ഇതാണ്. കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ നിക്ഷേപങ്ങൾ തിരികെ നൽകാൻ കഴിയാത്തതിനെ തുടർന്ന് കോൺഗ്രസ് ഭരിക്കുന്ന നെടുങ്കണ്ടം ഡീലേഴ്സ് സഹകരണ ബാങ്കിനെതിരെയും നിക്ഷേപകർ സമരം നടത്തിയിരുന്നു.
കേരള ബാങ്കിൽ ആസ്തി ഈട് നൽകി കോടിക്കണക്കിന് രൂപ വായ്പയെടുത്താണ് ജില്ലയിലെ നഷ്ടത്തിലായ എട്ട് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ആസ്തികൾ, നിക്ഷേപങ്ങൾ, ഓഹരികൾ എന്നിവക്ക് തുല്യമായ ബാങ്ക് വായ്പകളാണ് സഹകരണ ബാങ്കുകളുടെ നിലനിൽപിന് ആധാരം. എന്നാൽ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴങ്ങി പല ബാങ്കുകളും ചട്ട വിരുദ്ധമായും വ്യാജ സ്ഥിര നിക്ഷേപ രസീതുകൾ ഉപയോഗിച്ചും വായ്പ നൽകുന്നു.
വിനോദ സഞ്ചാര കേന്ദ്രമുൾപ്പെടുന്ന തോട്ടം മേഖലയിലെ ഒരു സഹകരണ ബാങ്കിൽ ഒരു സി.പി.എം നേതാവ് വ്യാജ പട്ടയം ഈടു വെച്ച് രണ്ട് തവണയായി ലക്ഷങ്ങൾ വായ്പയെടുത്തിരുന്നു. ഇതേ ബാങ്കിൽ നിന്നും ആവശ്യമായ രേഖകളില്ലാതെ വസ്തു ഈടിന്മേൽ 43.45 കോടി രൂപയാണ് വായ്പ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയത്.
ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ അനുസരിച്ച് വരുമാനത്തിൽ നിന്നാണ് ജീവനക്കാർക്കുള്ള ശമ്പളം കണ്ടെത്തേണ്ടത്. എന്നാൽ കടക്കെണിയിലായ ബാങ്കുകൾ പലതും നിക്ഷേപത്തിൽ നിന്നാണ് ശമ്പളം നൽകുന്നത്.
സ്ഥിരം ക്രമക്കേടുകൾ ഇവ
ക്രമപ്രകാരം അല്ലാതെ വായ്പ നൽകൽ, വ്യാജ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ നൽകുക, ക്ലാസിഫിക്കേഷൻ അനുസരിച്ചല്ലാതെ നിയമനം നടത്തുക, സ്ഥിര നിക്ഷേപങ്ങളുടെ പലിശ നൽകിയതിലുള്ള വ്യത്യാസം, സ്വർണ വായ്പയിൽ ക്രമക്കേടുകൾ, നീതി മെഡിക്കൽ സ്റ്റോറുകളിലെ സ്റ്റോക്ക് വ്യത്യാസം, എം.ഡി.എസിന് ഈടില്ലാതെ തുക നൽകൽ, ആസ്തികൾ ക്രമവിരുദ്ധമായി ലേലം ചെയ്ത് നഷ്ടം വരുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.