ഇരുകൂടിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താതെ അധികൃതർ
text_fieldsവണ്ണപ്പുറം: രണ്ടു പുഴകൾ ഒന്നായി മാറി നിറഞ്ഞൊഴുകി കണ്ണാടിപ്പുഴയാകുന്ന സംഗമസ്ഥാനമാണ് ഇരുകൂട്. തൊമ്മന്‍കുത്തിന്റെ വിനോദസഞ്ചാരസാധ്യതക്ക് മുതൽക്കൂട്ടാവുന്ന പ്രദേശമാണിത്. നാക്കയത്ത് നിന്ന് ഒഴുകിയെത്തുന്ന തൊമ്മന്‍കുത്ത് പുഴയും കീഴാര്കുത്തും ചേലകാടുപുഴയും ചേർന്നെത്തുന്ന വേളൂര്പുഴയും ഒന്നിച്ച് കണ്ണാടിപ്പുഴയായിമാറുന്ന കാഴ്ച അതിമനോഹരമാണ്.
തൊമ്മന്‍കുത്ത് ചപ്പാത്തിന് അല്പം മുകളിലായാണ് ഇരുകൂട്. ഇതുകാണണമെങ്കിൽ തൊമ്മന്‍കുത്തില്‍നിന്ന് മണ്ണൂക്കാട് കുഴിമറ്റം ഭാഗത്തേക്കുള്ള റോഡില്‍കൂടി അരകിലോമീറ്റര്‍ പോയാല്‍മതി. രണ്ടുപുഴയും ചേരുന്നിടത്ത് നടുവിലായി സ്ഥിതി ചെയ്യുന്ന തുരുത്തും കാണാൻ ഏറെ ഭംഗിയുണ്ട്. തൊമ്മന്കുത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് അത്ര പരിചയമുള്ള സ്ഥലമല്ല ഇവിടം.
ഇവിടം കാണാനും ഭംഗി ആസ്വദിക്കാനും അധികമാളുകൾ എത്താറില്ല. തൊമ്മന്‍കുത്തിലെ രണ്ടുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടവും ഇതിനടുത്ത് തന്നെയുള്ള ആനചാടികുത്തും മാത്രമേ സഞ്ചാരികള്‍ക്ക് പരിചയമുള്ളു. എന്നാല്‍, അത്രശ്രദ്ധിക്കപ്പെടാത്ത ഇരുകൂടിന്റെ ഭംഗി ആസ്വദിക്കാനും ഇവിടം പരിചയപ്പെടുത്താനും നീക്കമുണ്ടായാല്‍ തൊമ്മന്കുത്തിനും മണ്ണൂക്കട് പ്രദേശത്തിന്റെയും വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.