ജൽ ജീവൻ പദ്ധതി തുടങ്ങി;രാജകുമാരിയിലെ വീടുകളിൽ കുടിവെള്ളമെത്തും
text_fieldsഅടിമാലി: രാജകുമാരി പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീട്ടിലും ടാപ്പുകളിലൂടെ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട് ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം മുരിക്കുംതൊട്ടിയിൽ നടന്നു. 45 കോടി രൂപ മുതൽമുടക്കിൽ 4714 വാട്ടർ കണക്ഷൻ നൽകുന്നതാണ് പദ്ധതി.
2024 മാർച്ചിൽ പദ്ധതി പൂർത്തീകരിക്കും. പന്നിയാർ ഇല്ലിപ്പാലം സോഴ്സിൽനിന്ന് 2714 കണക്ഷനും പൊന്മുടി സോഴ്സിൽനിന്ന് 2000 കണക്ഷനും നൽകും. ഇല്ലിപ്പാലത്ത് തടയണ കെട്ടി വെള്ളം ശുദ്ധീകരിച്ച് ഇല്ലിപ്പാലം പമ്പ് ഹൗസിൽ നിലവിലുള്ള മോട്ടോർ അടക്കമുള്ള യന്ത്രങ്ങൾ നവീകരണം നടത്തിയാണ് പദ്ധതി പൂർത്തിയാക്കുക. പൈപ്പുകൾ സ്ഥാപിക്കാൻ നിർമിക്കുന്ന കുഴികൾ മൂടി പൂർവസ്ഥിതിയിലാക്കുന്ന ജോലിയും ഇതിന്റെ ഭാഗമായി പൂർത്തിയാക്കും.
രാജാക്കാട്, ശാന്തൻപാറ, രാജകുമാരി പഞ്ചായത്തുകളിലെ ജലസ്രോതസ്സുകളിൽനിന്നാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വെള്ളമെത്തിക്കുക. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിർമാണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ അധ്യക്ഷത വഹിച്ചു. അംഗൻവാടി കുട്ടികൾക്കായി നൽകുന്ന പഠനോപകരണങ്ങളുടെയും വാട്ടർ കെറ്റിലിന്റെയും വിതരണവും നിർവഹിച്ചു. വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ എബി മുണ്ടയ്ക്കൽ, അസി. എൻജിനീയർ സന്ദീപ് എസ്. നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോളി സിബി, ആഷ സന്തോഷ്, ഡെയിസി ജോയി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.