സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ ജനയുഗം ലേഖകന് പരിക്ക്
text_fieldsതൊടുപുഴ: ജനയുഗം ജില്ല ലേഖകനുനേരെ സാമൂഹിക വിരുദ്ധ സംഘത്തിെൻറ ആക്രമണം. തലക്ക് ഗുരുതര പരിക്കേറ്റ ലേഖകൻ ജോമോൻ വി.സേവ്യർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തോടെ ബാഡ്മിൻറൺ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി വീടിന് സമീപം കരിമണ്ണൂർ മാണിക്കുന്നേൽ പീടികക്ക് സമീപമാണ് ആക്രമണം ഉണ്ടായത്.
വാഹനം ഓവർടേക്ക് ചെയ്തത് സംബന്ധിച്ച് കാർ യാത്രികരും ബൈക്ക് യാത്രികരും തമ്മില്‍ സംഘർഷം നടക്കുന്നതിനിടെ ഇതുവഴി എത്തിയ ജോമോനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കരിമണ്ണൂർ പൊലിസ് സ്റ്റേഷനിൽ പരാതിനൽകി. സംഘത്തിൽപ്പെട്ട കരിമണ്ണൂർ, വണ്ടമറ്റം സ്വദേശികളായ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ പൊലീസ് അന്വേഷിച്ചുവരുകയാണ്.
സംഭവത്തിൽ പ്രതികളെ മുഴുവനും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു. പരിക്കേറ്റ ജോമോനെ സി.പി.ഐ നേതാക്കളായ കെ. സലിംകുമാർ, പി.പി. ജോയി എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
പ്രതിഷേധിച്ചു
തൊടുപുഴ: ജനയുഗം ജില്ല ലേഖകൻ ജോമോൻ വി.സേവ്യറിനെ അക്രമിച്ച സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ ജില്ല ഘടകം പ്രതിഷേധിച്ചു.
ജോമോനെ അകാരണമായി മർദിച്ച ക്രിമിനൽ സംഘത്തെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് യൂനിയൻ ജില്ല പ്രസിഡൻറ് എം.എൻ. സുരേഷും സെക്രട്ടറി വിനോദ് കണ്ണോളിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.