മഞ്ഞപ്പിത്തം; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്
text_fieldsഇടുക്കി: ജില്ലയിൽ പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ല ആസ്ഥാന മേഖലയിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുകയും മൂന്ന് പേർ മരണമടയുകയും ചെയ്തിരുന്നു. ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. കരളിനെ മാരകമായി ബാധിക്കുന്നത് മൂലം ചികിത്സ യഥാസമയം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തം. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ മഞ്ഞപ്പിത്ത രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടു മുതൽ ആറ് ആഴ്ച വരെ എടുക്കാം.
പനി, ക്ഷീണം വിശപ്പില്ലായ്മ, വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, കടുത്ത നിറത്തിലുള്ള മൂത്രം, കണ്ണ്, ത്വക്ക്, നഖങ്ങൾ എന്നിവയിൽ മഞ്ഞനിറം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഭൂരിഭാഗം പേരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ രോഗം കാണപ്പെടുന്നു.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ തേടണം. പ്രതിരോധ മാർഗങ്ങൾ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം തുടങ്ങിയവ പാലിക്കണം. നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കിണറും മറ്റു കുടിവെള്ള സ്രോതസ്സുകളും രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലോറിനേറ്റ് ചെയ്യുക. ആഹാരത്തിനു മുമ്പും ശേഷവും ടോയ്ലറ്റ് ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിക്കുന്നവർ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൂന്നാഴ്ചത്തേക്ക് അകന്നു നിൽക്കുക. ഈ കാലയളവിൽ സ്വന്തമായി ഒരു ശുചിമുറിയും സ്വന്തമായി പാത്രങ്ങളും ഉപയോഗിക്കുക. പഴവർഗ്ഗങ്ങൾ ശുദ്ധ വെള്ളത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക, തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്, പഴകിയ ആഹാരം കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.