സ്ഥലം ലഭിച്ചിട്ടും വീടുവെക്കാൻ സാധിക്കാതെ വന്ന ആറ് കുടുംബത്തിന് അനുകൂല വിധി
text_fieldsവെള്ളിയാമറ്റം: വെട്ടിമറ്റത്ത് സർക്കാർ സ്ഥലം ലഭിച്ചിട്ടും വീടുവെക്കാൻ സാധിക്കാതെ വന്ന ആറ് കുടുംബത്തിന് ഹൈകോടതിയുടെ അനുകൂല വിധി.
വെള്ളിയാമറ്റം പഞ്ചായത്തിലെ വെട്ടിമറ്റം പഞ്ചായത്ത് എൽ.പി സ്കൂളിന് സമീപത്താണ് ആറ് കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലം വീതം അനുവദിച്ചത്. സർക്കാർ ഏറ്റെടുത്ത മിച്ചഭൂമി ഇവർക്ക് പതിച്ചു നൽകുകയായിരുന്നു. വീട് പണിയുന്നതിന് പഞ്ചായത്ത് ചന്ദ്രികയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇവർ വീടിന്റെ പണി പകുതിയിലേറെ പൂർത്തിയാക്കിയപ്പോൾ സ്വകാര്യ വ്യക്തി ഈ ഭൂമിയുടെ അവകാശം ഉന്നയിച്ച് ഹൈകോടതിയെ സമീപിച്ചു.
സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെ സ്റ്റേ ഉത്തരവും ലഭിച്ചു. ഇതോടെ വീടുനിർമാണം നിലച്ചു. മറ്റ് അഞ്ചു കുടുംബത്തിനും വീടുപണി ആരംഭിക്കാനും കഴിഞ്ഞില്ല. ഈ കുടുംബങ്ങൾ ഇപ്പോൾ വാടകവീടുകളിലും ബന്ധുക്കളുടെ കുടംബങ്ങളിലുമായി കഴിയുകയാണ്. ചന്ദ്രികയുടെ വീടിന്റെ മേൽക്കൂര പൂർത്തിയായപ്പോഴാണ് കോടതി വിധിയെത്തുടർന്ന് വീട് നിർമാണം നിലച്ചത്.
കോടതി ഉത്തരവ് വന്നതോടെ പഞ്ചായത്ത് തുടർന്നുള്ള തവണ അനുവദിച്ചുമില്ല. മറ്റു നിവൃത്തിയില്ലാത്തതിനാൽ ചന്ദ്രിക ഈ വീട്ടിൽ താമസം തുടർന്നു. വീടിന് പഞ്ചായത്തിൽനിന്ന് നമ്പർ ലഭിക്കാത്തിനാൽ വൈദ്യുതി കണക്ഷനും ശുദ്ധജല കണക്ഷനും ലഭിച്ചില്ല. ചന്ദ്രികയെ കൂടാതെ വലിയപറമ്പിൽ നിഷ മോൾ, പൂവത്തുംമൂട്ടിൽ കുര്യൻ, മലയിൽ സിനി, പുത്തൻപുരക്കൽ സുനിത നിഷാന്ത്, തൈപ്പറമ്പിൽ ടി.ജെ. ബാബു എന്നിവർക്കാണ് സ്ഥലം ലഭിച്ചത്. കേസ് കോടതിയിലായതോടെ ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞു.
ഹൈകോടതി അഭിഭാഷക അഡ്വ. അഞ്ജലി ജിമ്മിച്ചനാണ് ഇവർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
അനുകൂല വിധി ലഭിച്ചതോടെ ആറു കുടുംബത്തിനും ഇവിടെ വീട് നിർമിക്കാൻ തടസ്സമില്ലെന്നും ഇതിനുവേണ്ട തുടർനടപടികൾ ചെയ്യുമെന്നും വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.