അപകടം പതിവായിട്ടും സുരക്ഷയില്ലാതെ കല്ലാർ പുഴയോരം
text_fieldsനെടുങ്കണ്ടം: കല്ലാര്‍ പുഴയിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടും പുഴയോരത്ത് സുരക്ഷാ മുന്‍കരുതൽ സ്വീകരിക്കുന്നതിൽ അധികൃതർക്ക് വിമുഖത. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാർഥികളടക്കം അഞ്ചുപേരുടെ ജീവനാണ് കല്ലാർപുഴയില്‍ പൊലിഞ്ഞത്. സ്വാതന്ത്ര്യദിനത്തില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് നെടുങ്കണ്ടം സ്വദേശിയായ 13കാരന് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
കാഴ്ചയില്‍ ഒഴുക്ക് ശാന്തമാണെങ്കിലും പുഴയില്‍ നിരവധി അപകട സാധ്യതകളാണ് ഒളിഞ്ഞിരിക്കുന്നത്. ടണലിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ അടിയൊഴുക്ക് അതിശക്തമാണ്. അപകടകരമായ പാറയിടുക്കുകളും നിരവധിയുണ്ട്. അപകട സാധ്യത വർധിച്ചതോടെ പ്രദേശവാസികള്‍ പുഴയില്‍ ഇറങ്ങാറില്ല. എന്നാല്‍, നെടുങ്കണ്ടത്തെ സ്കൂളുകളില്നിന്നെത്തുന്ന കുട്ടികള്‍ പുഴയില്‍ ഇറങ്ങി നീന്തിക്കുളിക്കുന്നത് പതിവാണ്. താന്നിമൂട് മുതല്‍ ഡാം വരെ രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യത. ഇത്തരം ഭാഗങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണമെന്നുമാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
പുഴയോരത്ത് പല മേഖലകളിലും മണ്ണിടിഞ്ഞ് കിടക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. കല്ലാര്‍ ഡാമിനു സമീപം നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള പ്രദേശത്തുപോലും സുരക്ഷാവേലി സ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെയും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.