കാഞ്ഞാർ പാർക്ക് സുന്ദരിയാകും; എം.വി.ഐ.പി മനസ്സുവെച്ചാൽ
text_fieldsകാഞ്ഞാർ: കാഞ്ഞാർ പാർക്ക് നവീകരണത്തിന് മൂവാറ്റുപുഴ വാലി ഇറിഗേഷൻ (എം.വി.ഐ.പി) തടസ്സം നിൽക്കുന്നു. എം.വി.ഐ.പിയുടെ അധീനതയിലാണ് ഈ സ്ഥലം. പാട്ട വ്യവസ്ഥയിൽ എം.വി.ഐ.പി യിൽ നിന്നും സ്ഥലം ഏറ്റെടുത്താണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പാർക്ക് ആരംഭിച്ചത്. എന്നാൽ, പാട്ടത്തിന് എടുത്ത സ്ഥലത്ത് ഫണ്ട് ചെലവഴിച്ചതോടെ ഓഡിറ്റ് വിഭാഗം തടസ്സം ഉന്നയിച്ചു. ഇതോടെ പിന്നീട് തനത് ഫണ്ട് അനുവദിക്കാനായില്ല. കഴിഞ്ഞവർഷം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കഫറ്റീരിയയും ശൗചാലയവും നിർമിക്കാൻ 10 ലക്ഷം വകയിരുത്തിയെങ്കിലും നിയമതടസ്സം മൂലം പദ്ധതി തുടങ്ങാനായില്ല.
അറക്കുളം ഗ്രാമപഞ്ചായത്ത് പാർക്ക് നവീകരിക്കാൻ സന്നദ്ധത അറിയിച്ച് എം.വി.ഐ.പി യെ സമീപിച്ചിട്ടുണ്ട്. ഇതിന് പുറമെ കെ.എസ്.ഇ.ബിയും മന്ത്രി റോഷി അഗസ്റ്റിനും പാർക്ക് വിപുലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, എം.വി.ഐ.പി ആർക്കും സ്ഥലം വിട്ടുനൽകാൻ തയാറല്ല. എന്നാൽ, സ്ഥലത്ത് നിർമാണം നടത്താൻ നിരാക്ഷേപ പത്രമോ പാട്ടമോ നൽകും. അതുകൊണ്ടുതന്നെ കെട്ടിടമോ മറ്റ് നിർമിച്ചാലും അത് എം.വി.ഐ.പിയുടെ അധീനതയിൽ തന്നെയാകും. സ്വന്തം ആസ്തിയിൽ വരാതെ കെട്ടിടം നിർമിക്കാൻ ത്രിതല പഞ്ചായത്തുകൾക്കും പരിമിതി ഉണ്ട്. എന്നാൽ, മന്ത്രിതലത്തിൽ അനുമതി ലഭിച്ചാൽ ത്രിതല പഞ്ചായത്തുകൾക്ക് ഇവിടെ പണം ചിലവഴിക്കാനാവും. ഇതിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും മറുപടി കിട്ടിയിട്ടില്ല.
ഒരുവശം മലങ്കര ജലാശയവും മറുവശം സംസ്ഥാന പാതയുമുള്ള മനോഹര പ്രദേശത്താണ് കാഞ്ഞാർ ബയോ ഡൈവേഴ്സിറ്റി പാർക്ക് സ്ഥിതി ചെയ്യുന്നത്. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയോരത്താണ് വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്.
പി.ജെ ജോസഫ് ജലസേചന മന്ത്രി ആയിരിക്കെ സംയോജിത നീർത്തട പരിപാലന പദ്ധതി പ്രകാരം നിർമിച്ചതാണ് പാർക്ക്. ചെറിയ മുതൽ മുടക്ക് മാത്രം നടത്തിയാൽ പ്രതിമാസം ആയിരക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതിയാണ് കാഞ്ഞാർ ടൂറിസം പദ്ധതി. 13 ലക്ഷം ചെലവഴിച്ചാണ് ആദ്യഘട്ട പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്. ഇരിപ്പിടങ്ങൾ, ചെറു ഷെഡുകൾ, ജലാശയത്തിന് സംരക്ഷണഭിത്തി, ജലാശയത്തിലേക്ക് ഇറങ്ങാനായി നടപ്പാതകൾ എന്നിവ നിർമിക്കേണ്ടതുണ്ട്. മലങ്കര ജലാശയം റോഡിൽ നിന്ന് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന പ്രദേശമാണിവിടം. അതുകൊണ്ടുതന്നെ ഇടുക്കിയിലേക്കുള്ള യാത്രക്കാർ ഏറെയും ഇടത്താവളമാക്കി ഇവിടെ ഇറങ്ങാറുണ്ട്. ഓലിക്കൽ കടവുമുതൽ മണ്ണൂർ സ്കൂൾ വരെയുള്ള അരകിലോമീറ്റർ ദൂരത്താണ് പാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.