106കാരി നീലി കാത്തിരുന്നു; വാക്സിൻ കുടിയിലെത്തി
text_fieldsകട്ടപ്പന: കുടിയിലുള്ള പലരും കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ പോകുേമ്പാൾ 106 വയസ്സുകാരി നീലിക്ക് വല്ലാത്ത വിഷമമായിരുന്നു.
കൊടും വനത്തിലെ കാട്ടുപാതയിലൂടെ ആനത്താരകൾ മറികടന്ന് ഉപ്പുതറയിലോ കണ്ണമ്പടിയിലെയോ ക്യാമ്പിലെത്തി വാക്സിൻ സ്വീകരിക്കാൻ പ്രായാധിക്യം മൂലം കഴിയാത്തതിെൻറ വിഷമം അലട്ടി. എന്നാൽ, സാഹചര്യം മനസ്സിലാക്കി ഉപ്പുതറ സർക്കാർ ആശുപതിയിലെ ഡോക്ടറും ബ്ലോക്ക് മെഡിക്കൽ ഓഫിസറുമായ ഡോ. സെബാസ്റ്റ്യെൻറ നേതൃത്വത്തിൽ മൂന്നംഗസംഘം മേമ്മാരി ആദിവാസിക്കുടിയിലെത്തി യാത്രചെയ്യാൻ കഴിയാത്ത മറ്റ് ആറുപേർക്കും വാക്സിൻ നൽകിയതോടെ നീലി കൊലുമ്പെൻറ മുഖത്ത് ഇപ്പോൾ സന്തോഷം അലതല്ലുകയാണ്.
ഇടുക്കി വന്യജീവി സങ്കേതത്തിൽ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട മേമ്മാരി ആദിവാസിക്കുടിയിലെ പരേതനായ കൊലുമ്പെൻറ ഭാര്യയാണ് നീലി. വാക്സിനേഷന് നൽകിയ രേഖകൾ പ്രകാരം 1915ൽ ജനിച്ച നീലി കൊലുമ്പന് ഇപ്പോൾ 106 വയസ്സുണ്ട്. പ്രായത്തിെൻറ ബുദ്ധിമുട്ടുകളും നടക്കാൻ പ്രയാസവുമുണ്ടെങ്കിലും മറ്റ് കാര്യമായ ആരോഗ്യപ്രശനങ്ങളില്ല. കോവിഡ് മഹാമാരിയെക്കുറിച്ച് മകൻ പറഞ്ഞുകേട്ട നാൾ മുതൽ അത് തടയാൻ വാക്സിൻ എടുക്കണമെന്ന ആഗ്രഹം നീലിക്കുണ്ടായിരുന്നു.
കുടിയിലെ 18 വയസ്സിന് മുകളിലുള്ള മറ്റുള്ളവർ വാക്സിൻ സ്വീകരിക്കാൻ പോകുേമ്പാഴെല്ലാം തനിക്ക് ലഭിക്കാത്തതിൽ നീലിക്ക് ഉള്ളിൽ വിഷമമുണ്ടായിരുന്നു. ഭർത്താവ് കൊലുമ്പൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചതോടെ മകനൊപ്പമാണ് നീലിയുടെ താമസം. പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കാതെ ആറ് കിലോമീറ്റർ ദുർഘടപാതകൾ പിന്നിട്ടാണ് ഡോ. സെബാസ്റ്റിനും നഴ്സ് മഞ്ജുഷയും ആസിഫായും നീലിയുടെ കുടിയിൽ എത്തിയത്.
ഇവരെ സഹായിക്കാൻ എത്തിയ കുടിയിലെ മൂപ്പൻ ഷാജിയുടെ സാന്നിധ്യത്തിൽ നീലിക്ക് കോവിഷീൽഡ് വാക്സിൻ നൽകി. ഇതോടെ മേമ്മാരി ആദിവാസിക്കുടി സമ്പൂർണ വാക്സിൻ ഗ്രാമമായി മാറി. ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത ഒന്നോ രണ്ടോ പേർ മാത്രമാണ് കുടിയിൽ വാക്സിൻ ലഭിക്കാത്തവരായി ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.