40 ലക്ഷം നഷ്ടപരിഹാരം തേടി ഗവർണർക്ക് ഓട്ടോ ഡ്രൈവറുടെ പരാതി
text_fieldsകട്ടപ്പന: ജീവിതമാർഗമായിരുന്ന പിക്അപ് ഓട്ടോ പിടിച്ചെടുത്ത് ഫിനാൻസ് സ്ഥാപനത്തിന് നൽകിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ രണ്ട് മുൻ ഉദ്യോഗസ്ഥരിൽനിന്ന് 40 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ഓട്ടോ ഡ്രൈവറുടെ പരാതി. ഉപ്പുതറ പുതുക്കട തുരുത്തിയിൽ ടി.ജി. മാത്യുവാണ് പരാതി നൽകിയതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. തങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്ന് പറഞ്ഞ് ഉപ്പുതറ പൊലീസ് പരാതി മടക്കിയ സാഹചര്യത്തിലാണ് ഗവർണറെ സമീപിച്ചതെന്നും മാത്യു പറഞ്ഞു.
2009ലാണ് പരാതിക്കിടയാക്കിയ സംഭവം. മാത്യു കട്ടപ്പനക്ക് സമീപത്തെ ഏജൻസിയിൽനിന്ന് പിക്അപ് ഓട്ടോ 1,30,000 രൂപക്ക് വാങ്ങി. ബിൽ ആവശ്യപ്പെട്ടെങ്കിലും ഏജൻസി നൽകിയില്ല. വാഹനത്തിന് ഒരു ഫിനാൻസ് സ്ഥാപനം അനുവദിച്ച വായ്പത്തുക യഥാസമയം അടച്ചുകൊണ്ടിരുന്നു.
1,36,000 രൂപ അടച്ചുകഴിഞ്ഞപ്പോൾ വീണ്ടും ബിൽ ആവശ്യപ്പെട്ടു. എന്നാൽ, ഏജൻസി ബിൽ നൽകിയില്ല. ഇതേച്ചൊല്ലി തർക്കം ഉണ്ടാകുകയും ഏജൻസിയുടെ നിർദേശാനുസരണം ഫിനാൻസ് സ്ഥാപനം ഉപ്പുതറ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതേതുടർന്ന് ഫിനാൻസ് സ്ഥാപനത്തിന്റെ സ്വാധീനത്തിന് വഴങ്ങി ഉപ്പുതറ പൊലീസിൽ അന്ന് സർവിസിലുണ്ടായിരുന്ന രണ്ടുപേർ പുതുക്കടയിലെ വീട്ടിലെത്തി തന്നെ കസ്റ്റഡിയിൽ എടുക്കുകയും വാഹനം പിടിച്ചെടുത്ത് ഫിനാൻസ് സ്ഥാപനത്തിന് നൽകുകയും ചെയ്തുവെന്നാണ് മാത്യുവിന്റെ പരാതി. ഇതിനെതിരെ പീരുമേട് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിനിടെ മാത്യുവിന്റെ പരാതിയിൽ നഷ്ടപരിഹാരം നൽകാനും പൊലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
എന്നാൽ, നഷ്ടപരിഹാരം ലഭിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയുടെ ഫയൽ സെക്രട്ടറിയുടെ ഓഫിസിൽനിന്ന് ആരോ ബോധപൂർവം മുക്കിയതിനാൽ തുടർനടപടി ഉണ്ടായില്ലെന്ന് മാത്യു പറയുന്നു. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സർവിസിൽനിന്ന് വിരമിച്ചു. മറ്റൊരാൾ ഇപ്പോഴും സർവിസിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.