എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം; സ്കൂൾ അധികൃതർക്കെതിരെ ബന്ധുക്കൾ
text_fieldsകട്ടപ്പന: വിഷം ഉള്ളിൽ ചെന്ന് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതകർക്കെതിരെ ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണ് മരിച്ചത്. ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നാലരയോടെയാണ് അനക്സിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്. ഉടൻ ഉപ്പുതറ കമ്യൂണിറ്റി സെന്ററിലും തുടർന്ന കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായി വന്നതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിരിക്കെ രണ്ടിന് വൈകുന്നേരം ആറോടെയാണ് മരിച്ചത്.
ഉപ്പുതറ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന അനക്സിനെ ബീഡി കൈവശം വെച്ചതിന് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് വിഷം കഴിക്കാൻ കാരണമെന്ന ആരോപണവുമായാണ് ബന്ധുക്കൾ രംഗത്ത് വന്നത്. സംഭവം നടന്നയുടൻ ചൈൽഡ് ലൈനിലും ഉപ്പുതറ പൊലീസിലും പരാതി നൽകിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് അനക്സിന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അധ്യാപകർ ബീഡി കണ്ടെത്തിയിരുന്നെന്നും വീട്ടുകാരെ വിളിച്ചുവരുത്തി വിവരം പറഞ്ഞ് അവരോടൊപ്പം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു. വൈക്കം ജുഡീഷ്യൽ മജിസ്ട്രേട്ട് കുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ലഭിച്ചാലേ യഥാർഥ കാരണം വ്യക്തമാകുകയുള്ളു എന്നും ഉപ്പുതറ പൊലീസ് പറഞ്ഞു. മൊഴി ലഭിച്ച ശേഷം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.