ചൂടിൽ കരിഞ്ഞുണങ്ങി കാർഷിക മേഖല
text_fieldsകട്ടപ്പന: വേനൽച്ചൂടിൽ ഹൈറേഞ്ചിലെ മേഖല കരിഞ്ഞുണങ്ങുന്നു. ഹൈറേഞ്ച് മേഖലയില്‍നിന്ന് മഴ വിട്ടുനിൽക്കുന്നതിനാൽ താപനില ഓരോദിവസവും കുതിച്ചുയരുകയാണ്. ഇതോടെ ഹൈറേഞ്ചിലെ കാർഷിക വിളകൾ ഉണങ്ങിത്തുടങ്ങി. ചുട്ടുപൊള്ളുന്ന ചൂടിൽ നിരുറവകൾ വറ്റി. കുട്ടിക്കാനം, കട്ടപ്പന പ്രദേശത്തുള്‍പ്പെടെ താപനില 32-33 ഡിഗ്രിവരെ ഉയർന്നു. രാത്രി തണുപ്പും പകൽ ചൂടും കാർഷിക വിളകളെ വല്ലാതെ ബാധിച്ചുതുടങ്ങി.
മലമുകളിലെ കുറ്റിച്ചെടികളും കാർഷിക വിളകളും മുമ്പ് ഉണ്ടാകാത്ത വിധം ഉണങ്ങാൻ തുടങ്ങി. രാത്രി ഉണ്ടാകുന്ന കാട്ടുതീ കൃഷി സ്ഥലങ്ങളെയും ബാധിക്കുന്നുണ്ട്. കട്ടപ്പനയുടെ മൂന്നുവശത്തുമായി സ്ഥിതിചെയ്യുന്ന പുലിയാന്മല, കുരിശുമല, കുന്തളംപാറ മല, കല്യാണത്തണ്ട് മല എന്നിവിടങ്ങളിലെല്ലാം ഉണങ്ങിയ പുൽമേടിന് തീ പടർന്നത് വലിയ കാട്ടുതീയുടെ പ്രതീതി യാണ് ഉണ്ടാക്കിയത്. ഹൈറേഞ്ചിലെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളിലും ഏലച്ചെടികൾ ഉണങ്ങാൻ തുടങ്ങി. ഇത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാക്കും. ഉണക്ക് ഏലച്ചെടികളുടെ ഉൽപാദനത്തെയും സാരമായി ബാധിക്കും.
തോട്ടം മേഖലയിലും പ്രതിസന്ധി
ചൂട് വർധിച്ചതോടെ തോട്ടം മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയുള്ള സമയങ്ങളിലാണ് ചൂട് അസഹ്യമായിരിക്കുന്നത്. തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ തോട്ടങ്ങളിലും മറ്റും ഇത് പാലിക്കപ്പെടാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഏലം കൃഷിയെയാണ് ചൂട് കാര്യമായി ബാധിച്ചിരിക്കുന്നത്. വെള്ളം ഒഴിച്ചുകൊടുക്കുന്ന തോട്ടങ്ങളില്‍പോലും കരിയലും തട്ടമറിയലും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞാഴ്ച്ചയില്‍ ഇടവിട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നെങ്കിലും ഇടുക്കിയില്‍ മഴ ലഭിച്ചില്ല. ജലസ്രോതസ്സുകളില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെ വരും ദിവസങ്ങളിൽ കൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഏലം കര്‍ഷകര്‍.
കാപ്പി, കുരുമുളക് കര്‍ഷകരുടെ സ്ഥിതിയും സമാനമാണ്. അപൂര്‍വ രോഗങ്ങളെ തുടര്‍ന്ന് കുരുമുളക് വള്ളികള്‍ വ്യാപകമായി നശിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ചൂട് കനക്കുന്നത്. ഇതോടെ വള്ളികള്‍ ഉണങ്ങിവീഴുന്നതായി കര്‍ഷകര്‍ പറയുന്നു. വെള്ളം നനച്ച് കൊടുത്തിട്ടും അന്തരീക്ഷത്തിലെ ചൂടിനെ തുടര്‍ന്ന് കുരുമുളക് ചെടികള്‍ ഉണങ്ങിവീഴുകയാണ്. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വിളകള്‍ പൂര്‍ണമായി നശിക്കുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.