ആലടി-പെരിക്കണ്ണി നിവാസികൾക്ക് പെരിയാർ കുറുകെ കടക്കാൻ ആശ്രയം മുളംചങ്ങാടം
text_fieldsകട്ടപ്പന: തുടർച്ചയായി അഞ്ചാം വർഷവും ആലടി-പെരിക്കണ്ണി നിവാസികൾക്ക് പെരിയാർ കുറുകെ കടക്കാൻ ആശ്രയം മുളംചങ്ങാടം. പെരിയാറിലെ മലവെള്ളപ്പാച്ചിലിലും ഓളംവെട്ടലിലും ജീവൻ പണയംവെച്ചാണ് ആലടി-പെരിക്കണ്ണി നിവാസികൾ നദി കുറുകെ കടക്കുന്നത്. പ്രദേശവാസികളുടെ ഏക ആശ്രയമാണ് പെരിയാറിന് കുറുകെയുള്ള ഈ മുളം ചങ്ങാടം. മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഇരുമ്പ് പാലം പ്രളയത്തിൽ ഒലിച്ചുപോയതാണ് പ്രദേശവാസികൾക്ക് വിനയായത്.
2018ലെ കനത്ത പ്രളയത്തിലാണ് ആലടി-പെരിക്കണ്ണി നിവാസികളുടെ സഞ്ചാര മാർഗമായിരുന്ന ഇരുമ്പ് നടപ്പാലം ഒലിച്ചുപോയത്. പുതിയ പാലം നിർമിക്കാൻ നടപടി ഉണ്ടാകാത്തതിനാൽ യാത്രാമാർഗം ഇല്ലാതായ നാട്ടുകാർക്ക് തുടർച്ചയായ അഞ്ചാം വർഷവും ചങ്ങാടമിറക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. അയ്യപ്പൻകോവിൽ-ഉപ്പുതറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ ഉണ്ടായിരുന്ന പാലം 2018 ആഗസ്റ്റ് 16നാണ് പൂർണമായി ഒലിച്ചുപോയത്. അതോടെ പൊരിക്കണ്ണി മേഖലയിലെ കുടുംബങ്ങൾ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലായി. മേഖലയിലെ 450ഓളം കുടുംബമാണ് പാലം ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്.
പാലം നശിച്ചശേഷം പ്രധാന റോഡിൽ എത്തണമെങ്കിൽ മുളകൊണ്ട് നിർമിച്ച ചങ്ങാടമാണ് നാട്ടുകാരുടെ ഏക ആശ്രയം. മുളംചങ്ങാടം നിർമിച്ചാൽ ഒരുവർഷം മാത്രമാണ് അത് ഉപയോഗിക്കാൻ സാധിക്കുന്നത്. അപ്പോഴേക്കും വെള്ളത്തിൽ കിടന്ന് നശിക്കും. അതിനാൽ എല്ലാ വർഷവും മുളംചങ്ങാടം നിർമിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. മേഖലയിലെ ആളുകൾ പിരിവെടുത്ത് തുക സ്വരൂപിച്ചാണ് മുളംചങ്ങാടം നിർമിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും ഈ ചങ്ങാടത്തെ ആശ്രയിച്ചു മാത്രമേ പെരിയാർ കുറുകെ കടക്കാനാവൂ. 22 വർഷം മുമ്പ് ചങ്ങാടം മുങ്ങി വലിയ അപകടം ഉണ്ടായശേഷം 2003ലാണ് എം.പി ഫണ്ട് ഉപയോഗിച്ച് ഇവിടെ ഇരുമ്പു നടപ്പാലം നിർമിച്ചത്. ഇനി വാഹനം കടന്നുപോകുന്ന രീതിയിൽ ഇവിടെ പാലം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതിന് സംസ്ഥാന സർക്കാറോ ത്രിതല പഞ്ചായത്തുകളോ, എം.പി, എം.എൽ.എമാരോ കനിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.