ആനപ്പള്ളം സ്വദേശികൾക്ക് പേടിസ്വപ്നമായി വൈദ്യുതി തൂണുകളും ലൈനുകളും
text_fieldsകട്ടപ്പന: കാടുകയറിയ വൈദ്യുതി തൂണുകളും മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ലൈനുകളും ആനപ്പള്ളം സ്വദേശികൾക്ക് പേടിസ്വപ്നമാകുന്നു. വൈദ്യുതി അടിക്കടി തടസ്സപ്പെടുന്നതിനൊപ്പം അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥമൂലം ഉപ്പുതറ പഞ്ചായത്തിലെ ആനപ്പള്ളം വാർഡ് പരിധിയിലെ മൂന്നാംഡിവിഷനിലുള്ള ഉപഭോക്താക്കൾ വലയാൻ തുടങ്ങിയിട്ട് മാസങ്ങളായി. വൈദ്യുതി മുടങ്ങുന്നത് അധികൃതരെ വിളിച്ചറിയിച്ചാലും പലപ്പോഴും ഒന്നിലധികം ദിവസം കഴിഞ്ഞാണ് പുനഃസ്ഥാപിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി തൂണുകളും ലൈനുമെല്ലാം കാടുകയറിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പലയിടങ്ങളിലും മരച്ചില്ലകൾക്കിടയിലൂടെയാണ് ലൈനുകൾ കടന്നുപോകുന്നത്. ഇതിനാൽ കാറ്റും മഴയും ഉണ്ടായാൽ വൈദ്യുതി വിതരണം മുടങ്ങുന്ന സ്ഥിതിയാണ്.
ഇത്തരം മരങ്ങൾക്ക് സമീപത്തെ കൃഷിയിടങ്ങളിൽ പണിയെടുക്കാനും ആളുകൾ ഭയപ്പെടുകയാണ്. മരച്ചില്ലകൾ ഒടിഞ്ഞാൽ വൈദ്യുതി കമ്പി പൊട്ടിവീഴാനുള്ള സാധ്യതയും ഏറെയാണ്.
കൃഷിയിടത്തിലൂടെ വലിച്ച വൈദ്യുതി ലൈൻ പൊട്ടിവീണാണ് പുറ്റടിയിൽ കുടുംബത്തിലെ മൂന്നുപേർ മരിച്ചത്. അതിനാൽ കൃഷിയിടങ്ങളിലൂടെ വലിച്ച ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ടച്ചിങ് വെട്ടുന്ന ജോലി അധികൃതർ യഥാസമയം ചെയ്യാത്തതിനാൽ പലയിടങ്ങളിലും മരച്ചില്ലകളും മറ്റും നാട്ടുകാർ വെട്ടിനീക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു.
കെ.എസ്.ഇ.ബി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാൽ ഒപ്പുശേഖരണം നടത്തി ഉന്നത ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.