അഞ്ചുരുളി ഇക്കോ-ടൂറിസം കേന്ദ്രം; ടണൽ മുഖത്തേക്കുള്ള പ്രവേശനം നിരോധിച്ചു
text_fieldsകട്ടപ്പന: അഞ്ചുരുളി ഇക്കോ-ടൂറിസം കേന്ദ്രത്തിൽ ഇരട്ടയാർ ടണൽ മുഖത്തേക്കുള്ള പ്രവേശനം നിരോധിച്ച് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇരുട്ടിന്റെ മറവിൽ ഗേറ്റ് സ്ഥാപിച്ച് അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം കെ.എസ്.ഇ.ബി നിരോധിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തിനെയോ ജനപ്രധിനിധികളെയോ അറിയിക്കാതെയായിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി. മുമ്പ് ഇവിടെ ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ പ്രവേശനം തടയാൻ ശ്രമിച്ചത് നാട്ടുകാർ ഇടപെട്ട് പ്രതിഷേധിക്കുകയും തടയുകയും ചെയ്തിരുന്നു. അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് നൽകി. ഇതിനു പിന്നാലെയാണ് തുറന്നിട്ടിരുന്ന ഭാഗവും ഞായറാഴ്ച രാത്രി ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് അടച്ചത്. പ്രവേശനം നിരോധിച്ചത് അറിയാതെ നിരവധി വിനോദസഞ്ചാരികൾ അഞ്ചുരുളിയിലെത്തി ടണൽ മുഖം കാണാതെ നിരാശരായി മടങ്ങി.
ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി ജലശയത്തിലേക്ക് വെള്ളം എത്തിക്കാൻ നിർമിച്ച ടണലാണ് അഞ്ചുരുളിയിലെ പ്രധാന ആകർഷണം. ഇത് കാണുന്നതിനാണ് കൂടുതൽ ആളുകളും വിവിധ ജില്ലകളിൽനിന്ന് എത്തുന്നത്. ടണലിലേക്കുള്ള പ്രവേശനം നിരോധിച്ചു സ്ഥാപിച്ച ഗേറ്റ് നീക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, അപകട സാധ്യതയുള്ളത്തിനാലാണ് ഗേറ്റ് സ്ഥാപിച്ചത് എന്നാണ് ഡാം സേഫ്റ്റി വിഭാഗത്തിന്റെ വിശദീകരണം. അഞ്ചുരുളി ടൂറിസം തകർക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടിയെന്ന് നാട്ടുകാർ ആരോപിച്ചു. ടൂറിസം കേന്ദ്രത്തിൽ വ്യാപാരം നടത്തി ഉപജീവനം നടത്തുന്ന ചെറുകിട വ്യാപാരികൾക്കും കെ.എസ്.ഇ.ബി തീരുമാനം വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.