ഏഷ്യയിലെ ഏറ്റവും വലിയ മൺപാലം ഓർമയിലേക്ക്
text_fieldsകട്ടപ്പന: ഏഷ്യയിലെ ഏറ്റവും വലിയ മൺപാലം വിസ്മൃതിയിലേക്ക്. ഇടുക്കി ജല വൈദുത പദ്ധതിക്കായി അയ്യപ്പൻകോവിൽ പ്രദേശത്ത് കുടിയിറക്ക് ഉണ്ടായപ്പോഴാണ് വെള്ളിലാംകണ്ടത്ത് ഇടുക്കി ജലാശയത്തിന് കുറുകെ മൺപാലം നിർമിക്കുന്നത്. ചരിത്രമുറങ്ങുന്ന ഈ കുഴൽ പാലവും പ്രദേശത്തെ മൺറോഡും മലയോര ഹൈവേ നിർമാണഭാഗമായി വീതി കൂട്ടി നിർമിക്കുകയാണ്. റോഡിന്റെ വശങ്ങൾ കരിങ്കല്ല് കെട്ടി സംരക്ഷിക്കാനാണ് തീരുമാനം. ഇടുക്കി ഡാമിന്റെ നിർമാണം പൂർത്തിയായി ജലനിരപ്പ് ഉയർന്നതോടെ അയ്യപ്പൻകോവിൽ - മാട്ടുക്കട്ട പ്രദേശങ്ങൾ വെള്ളം കൊണ്ട് വിഭജിക്കപ്പെട്ട സ്ഥിതിയിലായി.
ഇതോടെ ഏലപ്പാറ - കട്ടപ്പന റോഡ് ഗതാഗതവും പ്രതിസന്ധിയിലായി. ഇത് പരിഹരിക്കാനാണ് അയ്യപ്പൻ കോവിലിൽ ഇടുക്കി ജലാശയത്തിന് കുറുകെ മൺ പാലം നിർമിച്ചത്. വലിയ കോൺക്രീറ്റ് കുഴലിട്ട് ജലാശയത്തിലെ നീരൊഴുക്ക് ഇരുവശത്തേക്കും തടസ്സപ്പെടാതെ മണ്ണിട്ടാണ് പാലം നിർമിച്ചത്. പണി പൂർത്തിയായതോടെ ഇത് ഏഷ്യയിലെ (മനുഷ്യനിർമിത) ഏറ്റവും വലിയ മൺപാലമായി അറിയപ്പെട്ടു. എഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മൺ പാലവും ഇതായി. മലയോര ഹൈവേ നിർമാണ ഭാഗമായി വശങ്ങൾ കല്ല് കെട്ടി ബലപ്പെടുത്തുന്നതോടെ മൺപാലം കരിങ്കൽ പാലമായി മാറും.
ബുൾഡോസർ പാലമെന്നും വിളിപ്പേര്
ഇടുക്കി ഡാമിന്റെ പ്രായമാണ് വെള്ളിലാംകണ്ടം പാലത്തിനും. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു അന്നത്തെ നിർമാണം. കാട്ടുകല്ലും മരവും ശിഖരങ്ങളും ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. വെള്ളിലാംകണ്ടത്തെ റോഡ് തുറന്ന് കൊടുക്കുന്നതിന് മുൻപ് അന്ന് പാലം നിർമിച്ച എൻജിനീയർ പാലത്തിലെ റോഡിൽ നിന്നും മണ്ണൊലിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുതെന്ന കർശന നിർദേശം പൊതുമരാമത്ത് വകുപ്പിന് നൽകിയിരുന്നു. പാലത്തിന്റെ ഇരുവശത്തും പുല്ല് നട്ട് ചെറിയ ചെടികൾ നടണമെന്നും പാലം സംരക്ഷിക്കാൻ ജീവനക്കാരെ നിയമിക്കണമെന്നും നിർദേശിച്ചിരുന്നു.
ആദ്യ കാലങ്ങളിൽ പാലം സംരക്ഷിക്കാൻ ജീവനക്കാരും ഉണ്ടായിരുന്നു. പിൽക്കാലത്ത് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വൈദ്യുതി വകുപ്പ് ജീവനക്കാരെ പാലത്തിൽ നിന്ന് പിൻവലിച്ചു. പ്രകൃതി സ്നേഹികൾ പാലത്തിന്റെ ഇരുവശവും പാഴ്മരങ്ങൾ കുഴിച്ചുവച്ചു. മരങ്ങൾ തഴച്ചു വളർന്നതോടെ വൻ വേരുകൾ കാരണം മൺപാലത്തിലെ മണ്ണിളകുകയും മഴയിൽ ഒലിച്ചുപോവുന്നതും പതിവായി. ഇതോടെ പാലത്തിന്റെ മൺതിട്ടയും ദുർബലമായി.
തുടർന്നാണ് മലയോര ഹൈവേ നിർമാണ ഭാഗമായി പാലം കരിങ്കൽ കെട്ടി ബലപ്പെടുത്തുന്നത്. പദ്ധതി കാലത്ത് കനേഡിയൻ കമ്പനി ബുൾഡോസർ കൊണ്ടുവന്നാണ് പാലത്തിൽ മണ്ണ് നിറച്ചത്. അതിനാൽ ഇതിന് ബുൾഡോസർ പാലമെന്നും വിളിപ്പേരുണ്ടായി. ജലാശയത്തിലെ ചതുപ്പ് പ്രദേശത്ത് ആലപ്പുഴയിൽ നിന്നും ടൺ കണക്കിന് ചിരട്ടയും മരത്തടിയുമിട്ടാണ് അന്ന് നീരൊഴുക്ക് പിടിച്ച് നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.