സഞ്ചാരികളെ മാടിവിളിച്ച് അഞ്ചുരുളിയും അയ്യപ്പൻകോവിലും
text_fieldsകട്ടപ്പന: ഓണാഘോഷത്തിന് ജില്ലയിലെത്തുന്ന സഞ്ചാരികളെ മാടിവിളിച്ച് അഞ്ചുരുളി, അയ്യപ്പൻകോവിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. പതിവിൽനിന്ന് വ്യത്യസ്തമായി മഴ വിട്ടുനിൽക്കുന്നതിനാൽ ഇത്തവണ ഓണത്തിന് മുമ്പ് തന്നെ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. വരുംദിവസങ്ങളിൽ ഇത് ഇരട്ടിയാകും. ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യമാണ് രണ്ട് പ്രദേശങ്ങളുടെയും മനോഹാരിതക്ക് മാറ്റുകൂട്ടുന്നത്. അഞ്ചുരുളി ജലാശയവും ടണൽ മുഖവും കാണാൻ സഞ്ചാരികൾ ധാരാളമായി എത്തി തുടങ്ങി.
കട്ടപ്പനയിൽനിന്ന് കുട്ടിക്കാനം റൂട്ടിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ കാക്കട്ട്കടയിലെത്താം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞു വീണ്ടും നാലുകിലോമീറ്റർ യാത്ര ചെയ്താൽ അഞ്ചുരുളിയാകും. ഇടുക്കി ജലാശയത്തിന് നടുവിൽ ഉരുളി കമഴ്ത്തിവെച്ചത് പോലെ അഞ്ചു പച്ചത്തുരുത്തുകൾ.
അതിനാലാണ് ഈ പ്രദേശത്തിന് അഞ്ചുരുളി എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. എന്തായാലും അഞ്ചുരുളി വെള്ളച്ചാട്ടവും ഇടുക്കി ജലാശയത്തിന്റെ മനോഹരമായ വിദൂരകാഴ്ചയും ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എത്തിക്കുന്ന ആറു കിലോമീറ്റർ നീളം വരുന്ന തുരങ്കവും തുരങ്കമുഖത്തെ വെള്ളച്ചാട്ടവും എക്കാലവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചകളാണ്. ആദിവാസികളായ നാട്ടുകാരും മീൻപിടിത്തക്കാരും ചൂണ്ടയിടുന്നതും വലകെട്ടുന്നതും പതിവ് കാഴ്ചകളാണ്.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെത്തിയ നിരവധി സഞ്ചാരികൾ ചൊവ്വാഴ്ച അഞ്ചുരുളി സന്ദർശിച്ചു മടങ്ങി. അഞ്ചുരുളിയുമായി ബന്ധപ്പെട്ട് റിസോർട്ടുകളും ഹോം സ്റ്റേകളും സജീവമാണ്.
ടൂറിസ്റ്റുകളുടെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രം അയ്യപ്പൻകോവിൽ തൂക്കുപാലമാണ്. കട്ടപ്പനയിൽനിന്ന് കുട്ടിക്കാനം റൂട്ടിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ മാട്ടുകട്ടയിലെത്താം. അവിടെ നിന്ന് നാലു കിലോമീറ്റർ ദൂരമാണ് അയ്യപ്പൻകോവിൽ തൂക്കുപാലത്തിലേക്ക്.
ഇടുക്കി ജലാശയത്തിനു കുറുകെ നിർമിച്ചിരിക്കുന്ന തൂക്കുപാലം വലുപ്പംകൊണ്ടും നീളംകൊണ്ടും സംസ്ഥാനത്തെ തന്നെ വലിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ഇതിലൂടെ കയറി മറുകരയിലെത്തി തിരിച്ചു വരുകയെന്നത് ആരെയും ആകർഷിക്കുന്നതാണ്. പാലത്തിൽനിന്ന് നോക്കിയാൽ പരന്നു കിടക്കുന്ന പെരിയാറും ഇടുക്കി ജലാശയവും മനോഹരമായ കാഴ്ചയാണ്. ഇപ്പോൾ പാലത്തിൽ ഒരേ സമയം കുറച്ചു പേർക്ക് മാത്രമേ കയറാനാകു. പാലത്തിന്റെ കൈവരികളിലെ നട്ടും ബോൾട്ടും ഇളകിയിട്ടുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.