ബ്ലോക്ക് പഞ്ചായത്ത് അസി. സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsകട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് സസ്പെൻഷൻ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.എം. മധുവിനെയാണ് സർവിസിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശ്രീറാമാണ് നടപടി സ്വീകരിച്ചത്. സഹപ്രവർത്തകരോടും ജനപ്രതിനിധികളോടും പൊതുജനങ്ങളോടും ആവർത്തിച്ചുള്ള മോശമായ പെരുമാറ്റം, വകുപ്പിനും സർക്കാറിനും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കി, സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
ജൂൺ 27ന് മധുവിന്റെ വാഹനം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിൽനിന്ന് കൊണ്ടുപോകാൻ ശ്രമിക്കവെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അസി. എൻജിനീയറുടെ വാഹനത്തിൽ ഉരസുകയും ഡ്രൈവർ അത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ കൈയാങ്കളി ഉണ്ടാവുകയും തുടർന്ന് വിഷയത്തിൽ ഇടപെട്ട ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ശിശു വികസന പദ്ധതി ഓഫിസറെ മധു ആക്രമിക്കുകയും ശിശു വികസന പദ്ധതി ഓഫിസിലെ ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കട്ടപ്പന പൊലീസ് മധുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവ ദിവസം മധു മദ്യലഹരിയിലായിരുന്നെന്നും ഓഫിസ് പ്രവർത്തനങ്ങളിൽ അച്ചടക്കം പാലിക്കുന്നില്ലെന്നും വനിത ഇത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ജില്ലയിലെ ഇന്റേണൽ വിജിലൻസ് ഓഫിസറും റിപ്പോർട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.