ടീച്ചറുടെ കരുതലിൽ കുട്ടികൾക്കൊരുങ്ങി പ്രഭാത ഭക്ഷണം
text_fieldsകട്ടപ്പന: രാവിലെ ഭക്ഷണം കഴിക്കാതെ കുട്ടികൾ സ്കൂളിൽ വരുന്നതറിഞ്ഞ അധ്യാപികയുടെ മനസ്സലിഞ്ഞപ്പോൾ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ വഴിയൊരുങ്ങിയത് പ്രഭാതഭക്ഷണ പദ്ധതിക്ക്. സ്കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്കാണ് തുടക്കമായത്. മുരിക്കാട്ടുകൂടി ഗവ. ട്രൈബൽ സ്കൂളിൽ പഠിക്കാനെത്തുന്ന കുട്ടികളിൽ ഭൂരിഭാഗവും ആദിവാസി മേഖലയിൽ നിന്നും ദുർബല വിഭാഗങ്ങളിൽ നിന്നുമുള്ളവരുമാണ്. രാവിലെ സ്കൂളിലെത്തിയ ഒരു വിദ്യാർഥി അവശയായി ഇരിക്കുന്നതുകണ്ടാണ് അധ്യാപിക ലിൻസി കാര്യം തിരക്കുന്നത്.
കുട്ടി ഭക്ഷണം കഴിക്കാതെയാണ് വരുന്നതെന്ന് മനസ്സിലായി. പലരും വീട്ടിൽനിന്ന് കൂടുതൽ ദൂരം നടന്നാണ് സ്കൂൾ ബസ് കയറാനെത്തുന്നത്. കുട്ടികൾ സ്കൂളിലേക്കിറങ്ങുന്നതിന് മുമ്പുതന്നെ രക്ഷിതാക്കൾ പണിക്കുപോകുന്നതിനാൽ രാവിലത്തെ ഭക്ഷണകാര്യങ്ങളിൽ അവരും ശ്രദ്ധിക്കാറില്ലെന്നാണ് മനസ്സിലായത്. പൂർവവിദ്യാർഥി കൂട്ടായ്മയായ സ്നേഹവലയത്തിന്റെ സഹായവും പി.ടി.എയുടെയും സുമനസ്സുകളുടെയും സഹകരണം കൂടി ലഭ്യമാക്കിയാണ് ഭക്ഷണം നൽകാൻ നടപടി തുടങ്ങിയത്. ക്ലാസ് അധ്യാപകർ നൽകിയ പട്ടിക അനുസരിച്ചാണ് അർഹരായ കുട്ടികളെ കണ്ടെത്തുന്നത്. നൂറിലധികം കുട്ടികൾക്ക് രാവിലെ 9.30നാണ് ഭക്ഷണം നൽകാൻ പോകുന്നത്. അപ്പം, ദോശ, ഉപ്പുമാവ്, കൊഴുക്കട്ട തുടങ്ങിയവയാണ് നൽകാനുദ്ദേശിക്കുന്നത്. നിലവിലുള്ള ഉച്ചഭക്ഷണത്തിന്റെ ചുമതലയും അധ്യാപികയായ ലിൻസി ജോർജിനാണ്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന 287 കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകേണ്ടത്. എന്നാൽ, ഹയർ സെക്കൻഡറി വരെയുള്ള 350ഓളം കുട്ടികൾക്ക് ഈ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.