ഏലത്തിന് ഇടവിളയായി കാബേജ് കൃഷി; വൻ വിളവ് നേടി യുവ കർഷകർ
text_fieldsകട്ടപ്പന: ഏലത്തിന് ഇടവിളയായി നടത്തിയ കാബേജ് കൃഷിയിൽ നിന്നു വൻ വിളവ് നേടി യുവ കർഷകർ. കാഞ്ചിയാർ മലയിൽ പുത്തൻവീട്ടിൽ വനരാജ്, വളവനാൽ സിബി എന്നീ കർഷകരാണ് ഏലത്തിനു ഇടവിളയായി കാബേജ് കൃഷി നടത്തി വൻ വിളവ് നേടിയത്. സ്വന്തമായിയുള്ള മുന്ന് ഏക്കർ ഏല കൃഷിക്ക് ഇടയിൽ ആദ്യം ബീൻസ് കൃഷിയാണ് നടത്തിയത്. നല്ല വിളവും വിലയും ലഭിച്ചതോടെ പച്ചക്കറി കൃഷി വീണ്ടും ആവർത്തിക്കാൻ പ്രേരണയായി. കട്ടപ്പനക്കടുത്തുള്ള നഴ്സറിയിൽ നിന്ന് 3000 കാബേജ് തൈകൾ വാങ്ങി.
നട്ട് നന്നായി പരിപാലിച്ചതിനാൽ പ്രതീക്ഷിക്കാത്ത വിളവും ലഭിച്ചു. കഴിഞ്ഞ ദിവസം 500ഓളം കാബേജ് ചെടികളുടെ വിളവ് എടുത്തു. ഒരു ചെടിയിൽ നിന്ന് ശരാശരി മുക്കാൽ കിലോ മുതൽ ഒന്നര കിലോ വരെ വലിപ്പമുള്ള കാബേജ് ലഭിച്ചു. കട്ടപ്പനയിലെ മൊത്തക്കച്ചവടക്കാരൻ വിളവ് വാങ്ങി. വേനൽ കാലമായതിനാൽ നല്ല വിലയും കിട്ടി. അടുത്ത വർഷവും പച്ചക്കറി കൃഷി തുടരണം എന്ന ചിന്തയാണ് ഇരുവർക്കും. മാരക കീടനാശിനികൾ, വളങ്ങൾ ഒന്നും ഉപയോഗിക്കാതെയായിരുന്നു കൃഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.