ഏലം വില വീണ്ടും കുതിക്കുന്നു
text_fieldsകട്ടപ്പന: ഏലം കർഷകരുടെ പ്രതീക്ഷ ഉയർത്തി സുഗന്ധ റാണിയുടെ വില വീണ്ടും കുതിക്കുന്നു. ഒരു കിലോ ഏലത്തിന്റെ കൂടിയ വില 3300 രൂപ വരെ എത്തി. രണ്ടാഴ്ച മുമ്പ് കൂടിയ വില 2300 രൂപയും ശരാശരി വില 2000 രൂപയുമായിരുന്നു. ഈ നിലവാരത്തിൽ നിന്നാണ് പെട്ടെന്ന് കൂടിയ വില കിലോഗ്രാമിന് 3301 രൂപയിലെത്തിയത്. രണ്ടാഴ്ചക്കിടെ കൂടിയ വില കിലോഗ്രാമിന് 1000 രൂപയും ശരാശരി വില കിലോഗ്രാമിന് 340 രൂപയും ഉയർന്നു.
പുറ്റടി സ്പൈസസ് പാർക്കിൽ ചൊവ്വാഴ്ച നടന്ന നെടുംകണ്ടം ഹെഡർ സിസ്റ്റംസിന്റെ ഓൺലൈൻ ലേലത്തിൽ ആകെ 47053.4 കിലോഗ്രാം ഏലക്ക ലേലത്തിനു പതിച്ചതിൽ 442685.2 കിലോഗ്രാം വിറ്റുപോയി. കൂടിയ വില കിലോഗ്രാമിന് 3301 രൂപയും ശരാശരി വില കിലോഗ്രാമിന് 2340.62 രൂപയും കർഷകർക്ക് ലഭിച്ചു.
ഒരു മാസമായി ഏലത്തിന്റെ വിലയിൽ ഉയർച്ചയുടെ സൂചനകൾ കണ്ട് തുടങ്ങിയിട്ടു. വിളവെടുപ്പ് സീസൺ ആയിട്ടും ആവശ്യത്തിന് ഏലക്ക മാർക്കറ്റിൽ ലഭ്യമല്ലാത്തതാണ് വില ഉയരാൻ കാരണം. ഉല്പാദനത്തില് ഉണ്ടായ കനത്ത ഇടിവാണ് വില വർധനക്ക് പ്രധാന കാരണം. സീസൺ ആയിട്ടും ഉല്പാദനം തീരെ കുറവാണ്. സാധാരണ ജൂലൈ മുതൽ ജനുവരി വരെയാണ് ഉല്പാദന സീസൺ. എന്നാൽ വേനലിനെ തുടർന്ന് ഏല ചെടികൾ വ്യാപകമായി നശിച്ചതും ചെടികളിൽ കായ്പിടുത്തം തീരെ ഇല്ലാതായതും ഉല്പാദനം കുറയാനിടയാക്കി. ഇത് മൂലം ആഭ്യന്തര മാർക്കറ്റിൽ ഏലക്കക്ക് നല്ല ഡിമാൻഡ് ഉണ്ടായിട്ടുണ്ട്.
കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ ഏലത്തിന്റെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സുചന. സ്പൈസസ് ബോർഡിന്റെ ഓൺലൈൻ ലേലത്തിൽ ഏലത്തിന്റെ വില ഉയർന്നതോടെ കട്ടപ്പന, നെടുംകണ്ടം, ശാന്തൻപാറ, അടിമാലി കുമളി ലോക്കൽ മാർക്കറ്റിലും ഏലത്തിന്റെ കൈവിലയും ഉയർന്നു. ശരാശരി വില കിലോഗ്രാമിന് 2300 മുതൽ 2900 രൂപ വരെ ഗുണ നിലവാരം അനുസരിച്ചും ഉയർന്നിട്ടുണ്ട്. നല്ല വലുപ്പവും പച്ചനിറവുമുള്ള ഏലക്ക കിലോഗ്രാമിന് 3250 രൂപക്ക് വരെ വാങ്ങാൻ കച്ചവടക്കാർ തയാറാണ്.
ഇന്ത്യയിലെ ഏലം ഉത്പാദനത്തിന്റെ കുത്തകയുള്ള ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിൽ കഴിഞ്ഞ വേനലിൽ ഏലം കൃഷിക്ക് ഉണ്ടായ കനത്ത നാശം കർഷകർക്ക് തിരിച്ചടിയായെങ്കിലും വിലയിൽ ഉണ്ടായ കുതിപ്പ് കർഷകരിൽ പ്രതീക്ഷ ഉണർത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഏലത്തിന്റെയും കുരുമുളക്, കാപ്പി തുടങ്ങിയ മറ്റ് വിളകളുടെയും വില ഇടിഞ്ഞത് എല്ലാ രംഗത്തും വലിയ തകർച്ചക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴുണ്ടായ ഏലത്തിന്റെ വില കുത്തിപ്പ് തുടർന്നാൽ കാർഷിക വ്യാപാര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകും. അതിന്റെ സുചനയാണ് ഏലം ലേല മേഖലയിൽ നിന്ന് വരുന്നത്.
ഏലത്തിന്റെ കയറ്റുമതി ഇടിഞ്ഞതാണ് പ്രധാനമായും ഏലത്തിന്റെ വില തകർച്ചക്ക് മുൻ വർഷങ്ങളിൽ ഇടയാക്കിയത്. 2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലായിരുന്നു ഏലത്തിന്റെ കയറ്റുമതി. 2020ൽ ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ലും കയറ്റുമതി 1500 മെട്രിക് ടണ്ണിൽ താഴെയായിരുന്നു. എന്നാൽ ഈ വർഷം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ട്.
ഗുണ നിലവാരം കുറഞ്ഞ ഗ്വാട്ടമാലയിൽ നിന്നുള്ള ഏലം വ്യാപകമായി ഇറക്കുമതി ചെയ്ത് ഇന്ത്യൻ ഏലത്തിനൊപ്പം കൂട്ടി കലർത്തി വില്പന നടത്തുന്ന കച്ചവടക്കാരുടെ തന്ത്രം കർഷകർക്ക് ഭീഷണിയായിരുന്നു. പ്രതി വർഷം 30,000 മെട്രിക് ടണ്ണാണ് ഗ്വാട്ടമാല ഏലത്തിന്റെ ഉല്പാദനം. എന്നാൽ ഉല്പാദനത്തിലുണ്ടായ ഇടിവ് ഏലത്തിന്റെ വില ഇനിയും ഉയരാൻ ഇടയാക്കുമെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.