ഏലം വില 3000 കടന്നു; കർഷകർ പ്രതീക്ഷയിൽ
text_fieldsകട്ടപ്പന: സുഗന്ധറാണിയുടെ വില കിലോക്ക് 3000 കടന്നതോടെ ഏലം കർഷകർ പ്രതീക്ഷയിൽ. കൂടിയ വില 3183 രൂപയും ശരാശരി വില 2795.65 രൂപയുമായി. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം നൽകുന്ന ഏലക്കയുടെ കൂടിയ വില മൂന്നു വർഷത്തിനിടെയാണ് കിലോക്ക് 3000ത്തിന് മേൽ ഉയരുന്നത്. ഇതോടെ കർഷകർ വീണ്ടും പ്രതീക്ഷയിലായി. എന്നാൽ, വില ഉയർച്ചയുടെ ഗുണം വ്യാപാരികൾക്കാകും പ്രധാനമായും ലഭിക്കുക. കർഷകരുടെ പക്കലുള്ള സ്റ്റോക്ക് മിക്കവാറും നേരത്തേ വിറ്റഴിച്ചതാണ് കാരണം. ഏലത്തിന്റെ ഉൽപാദന സീസൺ കഴിയാറായതും പ്രശ്നമാണ്.
പുറ്റടി സ്പൈസസ് പാർക്കിൽ ചൊവ്വാഴ്ച നടന്ന ഐ.എം.സി.പി.സി കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ആകെ 53754.6 കിലോ ഏലക്ക ലേലത്തിനു പതിച്ചതിൽ 53,196 കിലോ വിറ്റുപോയപ്പോൾ കൂടിയ വില കിലോക്ക് 3183 രൂപയും ശരാശരി വില 2795.65 രൂപയും ലഭിച്ചു. ഒരു മാസമായി ഏലം വിലയിൽ ഉയർച്ചയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ടു. വിളവെടുപ്പ് സീസൺ അവസാനിക്കാറായതും ആഭ്യന്തര മാർക്കറ്റിൽ ഡിമാൻഡ് ഉയർന്നതുമാണ് വിലവർധനക്ക് കാരണം. കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
തിങ്കളാഴ്ച നടന്ന കൊക്കോ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ വിൽപനക്കായി കർഷകർ പതിച്ച 16,020 കിലോക്ക് 15601.2 കിലോ വിറ്റുപോയപ്പോൾ കൂടിയ വില 3319 രൂപയും ശരാശരി വില 2935.4 രൂപയും ലഭിച്ചിരുന്നു. സ്പൈസസ് ബോർഡിന്റെ ഓൺലൈൻ ലേലത്തിൽ ഏലത്തിന്റെ വില ഉയർന്നതോടെ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, അടിമാലി കുമളി ലോക്കൽ മാർക്കറ്റിലും ഏലത്തിന്റ കൈവില ഉയർന്നു. ശരാശരി വില കിലോക്ക് 2700 മുതൽ 3000 രൂപ വരെയായി. നല്ല വലുപ്പവും പച്ചനിറവുമുള്ള ഏലക്ക കിലോക്ക് 3300 രൂപക്ക് വരെ വാങ്ങാൻ കച്ചവടക്കാർ തയാറാണ്. കർഷകരുടെ പക്കൽ കാര്യമായ സ്റ്റോക്കില്ല. കർഷകരുടെ ഏലക്ക കുറഞ്ഞ വിലയിൽ വിൽക്കേണ്ടി വരുന്നതിനാൽ പണിക്കൂലി നൽകാനും വളങ്ങളും കീടനാശിനികളും വാങ്ങാനും മറ്റുമായി മറ്റു മാർഗത്തിൽ പണം കണ്ടെത്തേണ്ടി വരും. അതിനാലാണ് സാമ്പത്തിക പ്രതിസന്ധി മാറി കടക്കാൻ കർഷകരിൽ ഭൂരി ഭാഗവും വിളവെടുപ്പ് കഴിഞ്ഞ ഉടൻ ഏലക്ക വിറ്റഴിക്കുന്നത്. മൂന്ന് വർഷമായി ഏലത്തിന്റെയും കുരുമുളക്, കാപ്പി തുടങ്ങിയ മറ്റ് സുഗന്ധ വിളകളുടെയും വില മെച്ചപ്പെട്ട നിലയിലായിരുന്നു. ഇപ്പോഴുണ്ടായ ഏലത്തിന്റെ വില കുതിപ്പ് തുടർന്നാൽ വരും ദിവസങ്ങളിൽ ജില്ലയിലെ കാർഷിക വ്യാപാര മേഖലയിൽ വലിയ മുന്നേറ്റത്തിന് ഇടയാകും.
2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലായിരുന്നു ഏലത്തിന്റെ കയറ്റുമതി. 2020ൽ ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ലും കയറ്റുമതി 1500 മെട്രിക് ടണ്ണിൽ താഴെ യായിരുന്നു. എന്നാൽ, ഈവർഷം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ട്.
ഗുണനിലവാരത്തിൽ ഇന്ത്യൻ ഏലത്തിനെക്കാൾ പിന്നിലുള്ള ഗാട്ടമാല ഏലം വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തി ഇന്ത്യൻ കാർഡമത്തിനൊപ്പം കൂട്ടി ക്കലർത്തി വിൽപന നടത്തുന്ന കച്ചവടക്കാരും ഇന്ത്യൻ ഏലത്തിന്റെ വില ഉയരുന്നതിന് പ്രതിബന്ധമായിരുന്നു. പ്രതിവർഷം 30,000 മെട്രിക് ടണ്ണാണ് ഗാട്ടമാല ഏലത്തിന്റെ ഉൽപാദനം. ഇതിന്റെ ഒരു ഭാഗം ഏലം ഇന്ത്യയിലേക്ക് തന്നെയാണ് ഇറക്കുമതി നടത്തിയിരുന്നത്. രണ്ടാഴ്ചയായി ഹൈറേഞ്ചിൽ ഇടവിട്ട് നല്ലമഴ ലഭിക്കുന്നതു ഏലം കൃഷിക്ക് അനുകൂലമാണ്. ഇപ്പോഴുള്ള വില വർധന തുടരുകയും അടുത്ത ഉൽപാദന സീസണിൽ കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ഏലം കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.